Protest | ആനൂകൂല്യ നിഷേധം തുടര്‍ക്കഥ ; സഹകരണ ബാങ്കുകളിലെ ദിന നിക്ഷേപ പിരിവുകാരോടുളള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം
കണ്ണൂര്‍: (KVARTHA) കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ പിരിവുകാരോടുളള സര്‍ക്കാര്‍ അവഗണന തുടര്‍ക്കഥയെന്ന് ആക്ഷേപം. നാമമാത്രമായ ആനുകൂല്യങ്ങള്‍ മാത്രമുളള നിക്ഷേപ പിരിവുകാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുളള ആനുകൂല്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പല അവകാശസമരങ്ങളും നടത്തിയിട്ടും അധികാരികളുടെ മുന്നില്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ലെന്നും കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസീറ്റ് കലക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെന്‍ഷനുവേണ്ടിയും ഗ്രാറ്റുവിറ്റി അനുവദിക്കുന്നതിനുമായി പലതവണ അധികാരികളുടെ മുന്നില്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ചെവികൊണ്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കണ്ണൂര്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ 49 വര്‍ഷം നിക്ഷേപ പിരിവുകാരനായി ജോലി ചെയ്ത് വിരമിച്ച കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്‌റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ വ്യക്തി വെറും കൈയ്യോടെയാണ് പിരിഞ്ഞുപോയത്. അദ്ദേഹത്തിന് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ ലഭിച്ചില്ല. അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്നാണ് ഭാരവാഹികളുടെ ആരോപണം.
തനിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിക്കുവേണ്ടി ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ മുമ്പാകെ കേസ് ഫയല്‍ ചെയ്യുകയും 1972 ലെ പേയ് മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമ പ്രകാരമുള്ള ഗ്രാറ്റുവിറ്റിക്ക് നിക്ഷേപ പിരിവുകാര്‍ അര്‍ഹരാണ് എന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 30 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് പലിശ സഹിതം തുക അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പാ പിരിവുകാരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാണ്. പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ വിഹിതം നാലു ലക്ഷം വേണമെന്ന പെന്‍ഷന്‍ ബോര്‍ഡിന്റെ തീരുമാനം കാരണം ആര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നില്ല. കമ്മീഷനില്‍ നിന്ന് 5000 രൂപ ശമ്പളം കാണക്കാക്കി അതിന്റെ വിഹിതമായാണ് പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടക്കുന്നത്. അത് നാമമാത്രമായ സംഖ്യ ആയതിനാല്‍ ഒരാളുടെ സേവന കാലം മുഴുവന്‍ വിഹിതം അടച്ചാലും നാലു ലക്ഷം രൂപ തികയുകയില്ല.
പല കാരണങ്ങളാല്‍ നിക്ഷേപ പിരിവുകാര്‍ക്ക് വരുമാനം പകുതിയിലധികം കുറവാണ്. മേഖലയില്‍ ധാരാളം വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ദിവസവും 10-12 മണിക്കൂര്‍ പൊരിവെയിലിലും പെരുമഴയത്തും അപകടകരമായ സാഹചര്യത്തില്‍ പുറത്ത് ജോലി ചെയ്യുന്ന ഇവര്‍ക്ക് തൊഴില്‍ സുരക്ഷയോ അതിനു തക്കതായ വരുമാനമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ധാരാളം പേര്‍ ഈ മേഖലയില്‍ നിന്ന് വിരമിച്ചു പോയിട്ടുണ്ട്. അവര്‍ക്കു പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറയുന്നു.
നിക്ഷേപ വായ്പാ പിരിവുകാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് വ്യക്തത കുറവുണ്ടെന്ന ആക്ഷേപം മുതലെടുത്ത് പല സഹകരണസംഘങ്ങളും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന പ്രവണതയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതു കൂടാതെ അവ എകീകരിച്ച് എല്ലാ സംഘങ്ങളിലും നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. 60 വയസ്സിനു ശേഷം വാര്‍ദ്ധക്യസഹജമായ പ്രയാസങ്ങള്‍, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ കാരണം തുടര്‍ന്ന് ജോലിക്കുപോകാന്‍ പറ്റാത്തവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ ലഭിക്കാന്‍ നടപടിയുണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിലെ തൊഴില്‍ തര്‍ക്ക നിയമത്തിന് കീഴില്‍ വരുന്ന ജീവനക്കാരാണെന്നും 1972 ആക്ട് പ്രകാരം ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്നും കോടതികളില്‍ നിന്ന് നിരന്തരം ഉത്തരവുണ്ടായിരിക്കെ വിരമിച്ച എല്ലാവര്‍ക്കും ഗ്രാറ്റുവിറ്റിയടക്കം ആനുകൂല്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കമെന്നും സിബിഡിസിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ഒ.പി. തിലകന്‍, ടി. രാമകൃഷ്ണന്‍, സുരേഷ് ബാബു മണ്ണയാട്, കെ. ശിവശങ്കരന്‍, പി.പി. സാവിത്രി, എ. ഷര്‍മ്മിള, പി.വി. പ്രേമന്‍, കെ.കെ. അഷറഫ് എന്നിവര്‍ പങ്കെടുത്തു.
#cooperativebanks #kerala #protest #government #neglect #employees #pension #gratuity