Deep Fake | കേരളത്തിലെ ഡീപ്‌ഫേക് തട്ടിപ്പ് കേസ്; മഹാരാഷ്ട്ര സ്വദേശികളായ പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് കയ്യോടെ പൊക്കി പൊലീസ്

 


കോഴിക്കോട്: (KVARTHA) കേരളത്തിലെ ആദ്യത്തെ ഡീപ്‌ഫേക് തട്ടിപ്പ് കേസില്‍ പ്രതികളായ രണ്ടുപേരെ കൂടി ഗോവയില്‍ നിന്ന് കയ്യോടെ പൊക്കി കേരള പൊലീസ്. വിവാദമായ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ്‌ഫേക് സാങ്കേതികവിദ്യയും ഉപയോഗിച്ച് വാട്‌സ് ആപ് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അകൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസിലാണ് രണ്ടു പേര്‍ കൂടി അറസ്റ്റിലായത്.

തട്ടിപ്പിനായി സിം കാര്‍ഡുകളും ബാങ്ക് അകൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്സ്ആപ് അകൗണ്ടുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സഹായം നല്‍കുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ ദിനേശ് കോറോത്ത്, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബീരജ് കുന്നുമ്മല്‍, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ് സബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കേന്ദ്ര സര്‍കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശിയെ ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മിച്ച് അയാളുടെ ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു അന്വേഷണം.

ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ശെയ്ക്ക് മുര്‍ത്തുസാമിയ ഹയാത്ത് ഭായ് എന്നയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഗോവന്‍ കാസിനോകളില്‍ സ്ഥിരമായി ചൂതാട്ടത്തില്‍ ഏര്‍പെടുന്ന ഇവര്‍ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബര്‍ പൊലീസും സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

വ്യത്യസ്തമായ മൊബൈല്‍ ഫോണുകളും പല നമ്പറുകളും ഉപയോഗിക്കുകയും താമസ സ്ഥലങ്ങള്‍ നിരന്തരം മാറുകയും ചെയ്യുന്ന പ്രതികളെ ചൂതാട്ട കേന്ദ്രങ്ങള്‍ നിറഞ്ഞ ഗോവയിലെ പഞ്ചിമില്‍ നിന്നാണ് കണ്ടെത്തിയതെന്നും പ്രതികള്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉള്‍പെട്ടിട്ടുള്ളവരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറ് മൊബൈല്‍ ഫോണുകളും 30ല്‍ അധികം സിം കാര്‍ഡുകളും 10 ല്‍ അധികം എടിഎം കാര്‍ഡുകളും ബാങ്ക് ചെക് ബുകുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Deep Fake | കേരളത്തിലെ ഡീപ്‌ഫേക് തട്ടിപ്പ് കേസ്; മഹാരാഷ്ട്ര സ്വദേശികളായ പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് കയ്യോടെ പൊക്കി പൊലീസ്

 

Keywords: News, Kerala, Kerala-News, Police-News, Malayalam-News, Kerala Police, Case, Deep Fake, Fraud Case, Two Arrested, Accused, Goa, Held, Kerala deep fake fraud case; Two more arrested from Goa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia