Rule Change | വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഇനി പേര് തിരുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം
കോട്ടയം: (KVARTHA) വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താനാവത്തത് പലരേയും ബുദ്ധിമുട്ടിലാക്കിയിരുന്നു. പേരില്‍ തിരുത്തല്‍ വരുത്തിയതിന്റെ ഗസറ്റ് വിജ്ഞാപനം വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ചേര്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇനി ടെന്‍ഷന്‍ അടിക്കേണ്ടതില്ല. തിരുത്തിയ ഗസറ്റ് വിജ്ഞാപനവും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റിലും തിരുത്തല്‍ വരുത്താം.
മന്ത്രി എംബി രാജേഷാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങുമെന്ന് മന്ത്രി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തന്നെയാണ് തിരുത്തല്‍ നടപടികളും ചെയ്യുക.
കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ കറുകച്ചാല്‍ പനയ്ക്കവയലില്‍ പിഡി സൂരജ് നല്‍കിയ പരാതി പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂരജിന്റെ പേര് എസ് എസ് എല്‍ സി ബുക്കില്‍ 'Surej' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഗസറ്റില്‍ പരസ്യം ചെയ്ത് തിരുത്തി 'Sooraj' എന്നാക്കി.
1999-ലായിരുന്നു വിവാഹം. എലിക്കുളം പഞ്ചായത്തിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ സ്പെല്ലിങ് 'Surej' എന്നു തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാനഡയിലുള്ള മകളുടെ അടുത്തേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുന്നത്.
വിസാ നടപടികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം എന്നിരിക്കെ പേരിലെ ഈ സ്‌പെല്ലിംഗ് മിസ്റ്റെയ്ക്ക് കുരുക്കാവുകയായിരുന്നു. ഒടുവില്‍ തിരുത്തലിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും തിരുത്തലിന് നിയമമില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടെയാണ് അദാലത്തില്‍ പരാതിയുമായി എത്തിയത്.
പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ മന്ത്രി ഗസറ്റ് വിജ്ഞാപനം വെച്ച് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ രേഖപ്പെടുത്താമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നും വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തന്നെയാകും തിരുത്തല്‍ വരുത്തുക എന്നും മന്ത്രി പറഞ്ഞു.
#Kerala #marriagecertificate #namecorrection #government #rule #legalupdate