നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു; കണ്ണീരില്‍ കുതിര്‍ന്ന് നാടും നാട്ടുകാരും

 


തിരുവനന്തപുരം: (www.kvartha.com 23.01.2020) നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്നിലെ രോഹിണിഭവനിലെത്തിച്ചത്.

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു; കണ്ണീരില്‍ കുതിര്‍ന്ന് നാടും നാട്ടുകാരും

അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോള്‍ മുതല്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ചും നൊമ്പരത്തില്‍ വിതുമ്പിയും കാത്തുനിന്ന അയ്യന്‍കോയിക്കല്‍ ഗ്രാമം മൂന്നു പൊന്നോമനകള്‍ക്കും അച്ഛനമ്മമാര്‍ക്കും മിഴിനീരുകൊണ്ട് യാത്രാമൊഴി നല്‍കും. രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും.

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു; കണ്ണീരില്‍ കുതിര്‍ന്ന് നാടും നാട്ടുകാരും

യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രവീണും കുടുംബവും ഓരോ യാത്രയും കഴിഞ്ഞ് സന്തോഷത്തോടെ നാട്ടില്‍ മടങ്ങിയെത്തുന്ന ചിത്രമാണ് പലരുടെയും മനസിലൂടെ കടന്നുപോയത്. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് വ്യാഴാഴ്ച രാത്രി 12.01ന് നേപ്പാളിലെ ദമാനില്‍ നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

രാവിലെ പത്തരമണിയോടെ തന്നെ അഞ്ച് ആംബുലന്‍സുകള്‍ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെര്‍മിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോള്‍ കാത്തുനിന്ന പ്രിയപ്പെട്ടവര്‍ വിതുമ്പി. പലര്‍ക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കള്‍ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.

മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച അഞ്ചു ബോഗികളിലായി അഞ്ചു മൃതദേഹങ്ങള്‍ പുറത്തേക്ക്. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷ് ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല. സുഹൃത്തുക്കളായ റാംകുമാര്‍, ആനന്ദ്, ബാലഗോപാല്‍ എന്നിവരാണ് വിമാനത്തില്‍ ഒപ്പമെത്തിയിയത്. മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെ 11മണിക്ക് കഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡെല്‍ഹിയിലെത്തിച്ചത്.

അവിടെ നിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയതിനാല്‍ കാത്തിരിപ്പ് നീണ്ടു. കൊച്ചിയില്‍ സ്റ്റോപ്പുള്ളതിനാല്‍ വീണ്ടും വൈകി. മേയര്‍ കെ ശ്രീകുമാര്‍,എം വിന്‍സന്റ് എംഎല്‍എ, കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

തുടര്‍ന്ന് ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പൂര്‍ണമായും സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലന്‍സുകളും മറ്റും സര്‍ക്കാര്‍ സജ്ജമാക്കി.

മൂന്നു കുട്ടികളുടെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനില്‍ മറ്റൊരു മൂന്നു വയസ്സുകാരന്‍ ഇന്നു നോവുള്ള കാഴ്ചയാകും. പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകള്‍ ചെയ്യുന്നതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് ആണ്. രാവിലെ ഒന്‍പതിനാണു സംസ്‌കാരം. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകളില്ലാതെ സംസ്‌കരിക്കും. ഇരുവശത്തും അച്ഛനമ്മമാര്‍ക്കു ചിതയൊരുക്കും.

പ്രവീണിനും കുടുംബത്തിനുമൊപ്പം ദാമനില്‍ മരണമടഞ്ഞ കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ ഡെല്‍ഹിയില്‍ എത്തിച്ചതേയുള്ളൂ. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുക. കുന്ദമംഗലത്ത് പുനത്തില്‍ വീട്ടുവളപ്പില്‍ വൈകിട്ട് അഞ്ചുമണിക്കാണ് സംസ്‌കാരം.

Photo: Madhyamam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala family wiped out in Nepal resort tragedy, Thiruvananthapuram, News, Trending, Accidental Death, Medical College, Dead Body, Children, Parents, Natives, Ambulance, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia