Tragedy | അഴിത്തല ബോട്ടപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
● കണ്ടെത്തിയത് ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട് നടത്തിയ തിരച്ചിലില്‍
● മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും
● നേവിയും തിരച്ചില്‍ നടത്തിവന്നിരുന്നു
● 8 പേര്‍ അപകടത്തില്‍ പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു
കാസര്‍കോട്: (KVARTHA) അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുജീബിന്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വെച്ച് വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നേവിയും തിരച്ചില്‍ നടത്തിവന്നിരുന്നു.
പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശി കൊങ്ങന്റെ ചെറുപുരക്കല്‍ കോയമോന്‍ (50) ബുധനാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. കോയമോന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ആലുങ്ങല്‍ ബീച്ച് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
37 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍ തോണി ബുധനാഴ്ച വൈകിട്ടോടെയാണ് അപകടത്തില്‍ പെട്ടത്. 35 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടില്‍ മലയാളികളും ഒഡീഷ, തമിഴ് നാട് സ്വദേശികളായ തൊഴിലാളികളുമാണ് കൂടുതല്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ എട്ട് പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ 'ഇന്ത്യന്‍' എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കണ്ണൂര്‍ ഡിഐജി രാജ് പാല്‍ മീണ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
#KeralaAccident #BoatAccident #FishermanDeath #AzheekkalTragedy #KasaragodIncident #TragicNews