Policy Change | നിര്‍ണായക തീരുമാനം; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി

 
Kerala Government Scraps Controversial Forest Act Amendments
Kerala Government Scraps Controversial Forest Act Amendments

Photo Credit: Screenshot from a Facebook Video by Pinarayi Vijayan

● അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക.
● നിയമം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
● വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. 
● വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. 
● പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. 

തിരുവനന്തപുരം: (KVARTHA) ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നിര്‍ണായക തീരുമാനം. 1961-ലെ കേരള വന നിയമത്തിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ 2013-ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്‌മെന്റ്) തയ്യാറാക്കിയ കരട് ബില്ലിലാണ് ഇതിന്റെ തുടക്കം. മനഃപൂര്‍വം വനത്തില്‍ കടന്നുകയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വനത്തില്‍ വാഹനം നിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. എന്നാല്‍, ഈ ഭേദഗതിയുമായി ബന്ധപ്പെട്ട് പല ആശങ്കകളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, അത്തരം ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. കര്‍ഷകരുടെയും മലയോര മേഖലയില്‍ വസിക്കുന്നവരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കെതിരായ ഒരു നിയമവും സര്‍ക്കാരിന്റെ ലക്ഷ്യമല്ല. ഏതൊരു നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

കേരളത്തിന്റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ 11,309 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 1525.5 ചതുരശ്ര കിലോമീറ്റര്‍ തോട്ടങ്ങളുമാണ്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്‌നാട്ടില്‍ ഇത് 555 ഉം കര്‍ണാടകത്തില്‍ 319 ഉം ആണ്. കേരളത്തിന്റെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിതരീതികളും കണക്കിലെടുത്ത് വേണം വനനിയമങ്ങള്‍ രൂപീകരിക്കാന്‍ എന്ന് സര്‍ക്കാര്‍ കരുതുന്നു. 

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. അതേസമയം, വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. ഇതാണ് സര്‍ക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാണ്. മലപ്പുറം ജില്ലയില്‍ ആടുമേയ്ക്കാന്‍ പോയ സരോജിനി എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വന്യജീവി ആക്രമണങ്ങളെ എങ്ങനെ ശാശ്വതമായി തടയാന്‍ കഴിയുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്. 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് ഈ വിഷയത്തിലെ പ്രധാന തടസ്സം. ഈ നിയമത്തിലെ വകുപ്പ് 11(1)എയും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളും വന്യജീവികളെ നേരിടുന്നതിന് തടസ്സമുണ്ടാക്കുന്നു. ഈ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ല. ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാധ്യമല്ല. 

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നുള്ളൂ എന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കടുവ, പുലി എന്നിവ നാട്ടിലിറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തടസ്സങ്ങളാണ്. അടിയന്തര സാഹചര്യങ്ങളില്‍ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. ഡി.എഫ്.ഒ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. 

ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പലതവണ നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

#forestlaw #kerala #environment #wildlife #protest #victory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia