'വിവാഹം കഴിഞ്ഞയുടന്‍തന്നെ ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല'; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിച്ച് കേരള ഹൈകോടതി
Sep 16, 2021, 08:25 IST
കൊച്ചി: (www.kvartha.com 16.09.2021) ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലാത്തതിനാല്‍ കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിച്ച് കേരള ഹൈകോടതി. ഭാര്യയുടെ വിശ്വാസ വഞ്ചന ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഇതിലാണ് ജസ്റ്റിസ് മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
വിവാഹ മോചന കേസില്‍ കുടുംബ കോടതി ഡി എന്‍ എ ടെസ്റ്റിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കുട്ടിയുടെ പിതാവ് എന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന മെഡികല്‍ റിപോര്‍ടും ഇയാള്‍ കോടതിയില്‍ ഹാജരാക്കി.
2006 മെയ് 7നായിരുന്നു പരാതിക്കാരന്റെ വിവാഹം. 2007 മാര്‍ച് 9ന് യുവതി കുട്ടിക്ക് ജന്മം നല്‍കി. വിവാഹ സമയത്ത് പരാതിക്കാരന്‍ പട്ടാളത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ഇയാള്‍ ജോലി സ്ഥലത്തേക്ക് പോയി. അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു.
പരാതിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് പറഞ്ഞാണ് ഹൈകോടതി ഡി എന്‍ എ ടെസ്റ്റിന് അനുമതി നല്‍കിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ഡി എന്‍ എ പരിശോധന നടത്താനാണ് ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.