Swapna Suresh | തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിക്ക് ഹൈകോടതിയുടെ തിരിച്ചടി

 


കൊച്ചി: (www.kvartha.com) തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിക്ക് ഹൈകോടതിയുടെ തിരിച്ചടി. ഹര്‍ജി തള്ളിയ ഹൈകോടതി ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കി. 

അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും കുറ്റപത്രം സമര്‍പിക്കുമ്പോള്‍ വിയോജിപ്പുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നും സ്വപ്നയെ ഹൈകോടതി അറിയിച്ചു. ജസ്റ്റിസ് റിയാദ് റഹ് മാന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Swapna Suresh | തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിക്ക് ഹൈകോടതിയുടെ തിരിച്ചടി

താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വപ്നയ്‌ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് രെജിസ്റ്റര്‍ ചെയ്തത്.

മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ സ്വപ്ന മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. തുടര്‍ന്ന് വീണ്ടും മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കലാപ ആഹ്വനത്തിന് പാലക്കാട് കേസ് രെജിസ്റ്റര്‍ ചെയ്തത്.

കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്ന നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍കാര്‍ ഹൈകോടതിയില്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്നാണ് കേസില്‍ ചില വസ്തുതകളുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചത്. അന്വേഷണവുമായി മുന്നോട്ട് പോവാമെന്നും അറിയിച്ചു.

Keywords: Kerala High court dismisses Swapna Suresh's plea to quash FIR registered against her over allegations against CM, Kochi, News, High Court of Kerala, Bail plea, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia