Legal Action | ഹേമ കമിറ്റി റിപോര്‍ടില്‍ എന്ത് നടപടി എടുക്കും; സര്‍കാരിനോട് തുടര്‍ചയായ ചോദ്യങ്ങളുമായി ഹൈകോടതി
 

 
Hema Committee, Kerala High Court, Government, Assault, Judicial Action, Women's Rights, Criminal Law, Malayalam News, Court Order, Public Interest
Hema Committee, Kerala High Court, Government, Assault, Judicial Action, Women's Rights, Criminal Law, Malayalam News, Court Order, Public Interest

Photo Credit : Website Kerala High Court

സമ്പൂര്‍ണ റിപോര്‍ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവ്

ഹര്‍ജി പരിഗണിച്ചത് ആക്ടിങ്് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് 
 

കൊച്ചി: (KVARTHA) ഹേമ കമിറ്റി റിപോര്‍ടില്‍ നിര്‍ണായക ഇടപെടലുമായി ഹൈകോടതി. സര്‍കാരിനോട് നിരവധി ചോദ്യങ്ങളാണ് കോടതി ആരാഞ്ഞത്. ഹേമ കമിറ്റി റിപോര്‍ടില്‍ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്നും നടപടിയെടുത്തില്ലെങ്കില്‍ കമിറ്റി രൂപീകരിച്ചത് ഉള്‍പ്പെടെയുള്ളവ പാഴ്വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 


മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്ന കാര്യം അറിയിക്കാനും സമ്പൂര്‍ണ റിപോര്‍ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും ആക്ടിങ്് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് സര്‍കാരിനോട് നിര്‍ദേശിച്ചു. 

മൊഴികള്‍ നല്‍കിയവര്‍ക്കു മുന്നോട്ടുവരാന്‍ പറ്റാത്ത സാഹചര്യമാണ്. കമിറ്റിയോടു പേര് പറയാന്‍ സര്‍കാരിന് ആവശ്യപ്പെടാനാവില്ല. ഇക്കാര്യത്തില്‍ സര്‍കാരിന്റെ ധര്‍മസങ്കടം മനസ്സിലാകും. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിര്‍ദേശിച്ചു.


ലൈംഗികാതിക്രമം ഉള്‍പ്പെടെ ഹേമ കമിറ്റി റിപോര്‍ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്. ബലാത്സംഗം, ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമിറ്റി റിപോര്‍ടിലുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമിഷനെയും കക്ഷി ചേര്‍ത്തു.


അതേസമയം, ഹേമ കമിറ്റി ജുഡീഷ്യല്‍ കമിഷനല്ലെന്ന് സര്‍കാര്‍ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാനാണ് കമിറ്റി വച്ചത്. ഇതില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ പറ്റാത്ത അവസ്ഥയാണ്. കമിറ്റിയോടു പേര് പറയാന്‍ സര്‍കാരിന് ആവശ്യപ്പെടാനാവില്ല. അത് അവരെ ബുദ്ധിമുട്ടിക്കും. എല്ലാ പേരുകളും രഹസ്യമാണ്, സര്‍കാരിന്റെ പക്കലും പേരുകളില്ല. എന്നാല്‍ ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നിയമനടപടി എടുക്കാനാവുമെന്നും സര്‍കാര്‍ വ്യക്തമാക്കി.

ഇതിനോട് സര്‍കാരിന്റെ ബുദ്ധിമുട്ട് മനസിലാകുമെന്ന് അഭിപ്രായപ്പെട്ട കോടതി, എന്നാല്‍ റിപോര്‍ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. മൊഴികള്‍ നല്‍കിയവര്‍ക്ക് അതുമായി പൊതുസമൂഹത്തിലേക്ക് വരാന്‍ കഴിയാത്തവരാണ്. എന്നാല്‍ അവര്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ സാഹചര്യത്തില്‍ റിപോര്‍ടില്‍ രഹസ്യമാക്കിവച്ചിരിക്കുന്ന ഭാഗങ്ങളില്‍ കേസെടുക്കാന്‍ പറ്റിയ വസ്തുതകളുണ്ടോയെന്നു പരിശോധിച്ചശേഷം നടപടി സ്വീകരിക്കാന്‍ പറ്റില്ലേ എന്നും കോടതി ആരാഞ്ഞു. 


പുറത്തുവന്ന റിപോര്‍ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ലേയെന്നും കോടതി ചോദിച്ചു. പോക്‌സോയാണെങ്കില്‍ നടപടിയെടുക്കാനാവുമെന്നായിരുന്നു ഇതിന് സര്‍കാരിന്റെ മറുപടി. കേസ് വീണ്ടും സെപ്റ്റംബര്‍ 10ന് പരിഗണിക്കും.

#HemaCommittee #KeralaHighCourt #LegalAction #WomensRights #JudicialIntervention #Assault
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia