പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com 22.01.2022) പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഹൈകോടതി.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി ഇക്കാര്യം പറഞ്ഞത്.

പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈകോടതി

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ഉപാധിയുമായി ദിലീപിന്റെ അഭിഭാഷകന്‍ ഹൈകോടതിയില്‍ നിലപാട് അറിയിച്ചു. ആവശ്യമെങ്കില്‍ ദിവസവും ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ജാമ്യം നല്‍കിയാല്‍ അന്വേഷണത്തില്‍ ഇടപെടരുതെന്നും എങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. എന്നാല്‍ ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതിനിടെ ഗൂഢാലോചന നടത്തുന്നത് കൃത്യം ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈകോടതി വിലയിരുത്തി. ഗൂഢാലോചന നടത്തിയാല്‍ കൃത്യം ചെയ്തില്ലെങ്കിലും കൃത്യം ചെയ്തതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. നിലവിലുള്ള മൊഴിവച്ച് ഗൂഢാലോചന ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി എന്നാല്‍ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്ന് പിന്മാറിയപ്പോഴല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍, സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് എന്നും അഭിഭാഷകന്‍ വാദിച്ചു.

ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ 'അവര്‍ അനുഭവിക്കുമെന്ന്' ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ബൈജു പൗലോസിനെ ട്രക് ഇടിച്ചാലും അതു നമ്മള്‍ ചെയ്യിച്ചെന്ന് വരുമെന്നാണ് ദിലീപ് പറഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദം.

എന്നാല്‍, ദിലീപിനെതിരെ വീഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല. ഉപോത്ബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചില തെളിവുകള്‍ കോടതിക്കു കൈമാറാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണ കോടതിയെ കുറിച്ച് പരാതിപ്പെട്ട പ്രോസിക്യൂഷന്‍, കേസില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മറുപടി പറയാന്‍ പോലും അനുവദിക്കുന്നില്ലെന്നും രഹസ്യവിചാരണയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി ഗോപിനാഥ് ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടു വാദം കേള്‍ക്കാനായി മാറ്റുകയായിരുന്നു.

ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോടെല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഒടുവില്‍ ജാമ്യാപേക്ഷ നല്‍കിയ ശരത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സര്‍കാര്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നു സര്‍കാര്‍ അറിയിച്ചു.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

സംഭാഷണങ്ങളുടെ റെകോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.

അതിനിടെ, ക്വടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നതു തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

അഡിഷനല്‍ സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന നിലീഷ, കണ്ണദാസന്‍, ഡി. സുരേഷ്, ഉഷ എന്നിവരെ 22 നും ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍ സത്യമൂര്‍ത്തിയെ 25 നും വിസ്തരിക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി തീരുമാനിച്ചിരുന്നു. ഇവരുടെ സാക്ഷിവിസ്താരം നടത്താന്‍ ഹൈകോടതിയാണു നേരത്തെ അനുമതി നല്‍കിയത്. തുടര്‍ന്ന്, തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഇവര്‍ക്കു കേരളത്തില്‍ എത്താന്‍ സമയം വേണമെന്നും സാക്ഷിവിസ്താരം ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്നും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.

അഡിഷനല്‍ സാക്ഷികളെ വിസ്തരിക്കുന്നതു പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിചാരണകോടതി ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണു പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Keywords:  Kerala high court to hear actor Dileep’s anticipatory bail plea today, Kochi, News, Conspiracy, Dileep, Cine Actor, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia