തദ്ദേശ തിരിഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം ബുധനാഴ്ച മുതല്‍

 


തിരുവനന്തപുരം:(kvartha.com  07.10.2015) സംസ്ഥാനത്ത് തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും. ഇതോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങും. ഒക്ടോബര്‍ 14 വരെ പത്രികകള്‍ സ്വീകരിക്കും.

പത്രിക സ്വീകരിക്കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും. 17വരെ പത്രിക പിന്‍വലിക്കാന്‍ അവസരം നല്‍കും.

ഈ തിരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടുണ്ട്. അവസാന ദിനംമാത്രം 34,242 വോട്ടര്‍മാര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 31,472 എണ്ണം പേര് ചേര്‍ക്കുന്നതിനും 195 എണ്ണം തെറ്റ് തിരുത്തുന്നതിനും 2,575 എണ്ണം നിയോജകമണ്ഡലം മാറുന്നതിനുമുള്ള അപേക്ഷയാണ്. കഴിഞ്ഞ മാസം 23 മുതലാണ് ഓണ്‍ലൈന്‍ സൗകര്യം വീണ്ടും ഏര്‍പ്പെടുത്തിയത്.

മൊത്തം 3,57,610 അപേക്ഷയാണ് ഇക്കാലയളവില്‍ പേര് ചേര്‍ക്കുന്നതിന് പുതുതായി ലഭിച്ചത്. തിരുത്തലുകള്‍ വരുത്തുന്നതിന് 3,148 ഉം നിയോജകമണ്ഡലം മാറുന്നതിന് 45,179 ഉം അപേക്ഷ ലഭിച്ചു. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ മൊത്തം 2,49,88,498 പേരാണുള്ളത്. 1,29,81,301 പേര്‍ സ്ത്രീകളാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതിനായുള്ള കേന്ദ്രങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പു കമീഷന്‍ പ്രസിദ്ധീകരിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലായിരിക്കും.

തദ്ദേശ തിരിഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം  ബുധനാഴ്ച മുതല്‍


Keywords: Election, Kerala, Local Body Election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia