Kerala Police | മാനസിക പിരിമുറുക്കം ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നു? കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദവും താങ്ങാനാവാതെ കേരള പൊലീസില്‍ ആത്മഹത്യയും സ്വയം വിരമിക്കലും ഏറുന്നുവെന്ന് ഇന്റലിജന്‍സ് കണക്കുകള്‍

 


തിരുവനന്തപുരം: (KVARTHA) ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിഭാരവും മേലുദ്യോഗസ്ഥരുടെ ശകാരവും മൂലമുള്ള മാനസിക പിരിമുറുക്കം ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പഠനം. വര്‍ഷം ശരാശരി മുപ്പതിലേറെ പൊലീസുകാര്‍ ജീവനൊടുക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന വിവരം.

കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദവും താങ്ങാനാവാതെ കേരള പൊലീസില്‍ ആത്മഹത്യയും സ്വയം വിരമിക്കലും ഏറുന്നുവെന്നും സമ്മര്‍ദം താങ്ങാനാവാതെ നൂറിലേറെ പൊലീസുകാര്‍ വര്‍ഷം തോറും സ്വയം വിരമിക്കുന്നതായും ഇന്റലിജന്‍സ് കണക്കുകള്‍ പറയുന്നു.

2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം സംസ്ഥാനത്ത് ഇങ്ങനെ 51 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. അതിനു ശേഷമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുന്നുമില്ലെന്നുള്ളത് അമ്പരപ്പിക്കുന്നതുമാണ്.

ഇക്കഴിഞ്ഞ ദിവസം ഡ്യൂടിയിലിരിക്കെ കാണാതായ കുറ്റ്യാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം പി സുധീഷ് ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. സുധീഷ് അടക്കം ഈ മാസം മാത്രം കേരളത്തില്‍ മൂന്ന് പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ഇക്കാര്യത്തില്‍ കൃത്യമായ കണക്കെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

അസാധാരണമായ ഏതു സാഹചര്യവും നേരിടാന്‍ പ്രാപ്തിയുള്ള നമ്മുടെ സേനയ്ക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിക്കേണ്ടത് കടമ കൂടിയാണ്. കഠിനമായ ശാരീരിക, മാനസിക പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പൊലീസുകാരെ ജനസേവനത്തിനു നിയോഗിക്കുന്നത്. അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറല്‍, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, കുടുബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തത് മൂലമുള്ള മാനസിക പിരിമുറുക്കം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കാരണമുള്ള സമ്മര്‍ദത്തില്‍ സ്വയമൊടുങ്ങുകയാണ് പൊലീസുകാര്‍.

പ്രശ്നങ്ങള്‍ താങ്ങാനാവാതെ പൊലീസുകാര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് തടയാനും അവരെ മാനസികമായി ശക്തരാക്കാനും സേനയില്‍ പ്രത്യേക പരിശീലന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി ട്രെയിനിംഗ് മൊഡ്യൂളുണ്ടാക്കി. മാനസിക സംഘര്‍ഷം നേരിടുന്നവരെ സര്‍കാര്‍ ചെലവില്‍ത്തന്നെ തിരുവനന്തപുരം എസ് എ പിയിലേക്ക് കൗണ്‍സലിംഗിന് അയയ്ക്കാനും, കൗണ്‍സലിംഗ് ദിവസങ്ങള്‍ ഡ്യൂടിയായി കണക്കാക്കാനും ഡി ജി പി ഉത്തരവിട്ടിരുന്നു.

എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കാനും ശ്രമം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ യോഗ പരിശീലിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലാതായി. മന്ത്രിയുടെ വാഹനം ഗതാഗതകുരുക്കില്‍പെട്ടാലും സസ്‌പെന്‍ഷന്‍ കിട്ടുന്ന സ്ഥിതി കൂടിയായപ്പോള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കുറഞ്ഞു. പൊലീസുകാരുടെ ആത്മഹത്യകളില്‍ ഭൂരിഭാഗവും തൊഴില്‍പരമായ കാരണങ്ങളാലല്ലെന്നും, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൂടുതലെന്നുമാണ് പൊലീസ് തലപ്പത്തെ വിശദീകരണം.

* പൊലീസിന്റെ നടുവൊടിക്കുന്ന രീതി ഇങ്ങനെ:

* സ്റ്റേഷനുകളില്‍ അംഗബലമില്ല. 7000ത്തിലേറെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു.

*12-18 മണിക്കൂര്‍ ജോലി. പല സ്റ്റേഷനുകളിലും വിശ്രമമുറിയില്ല.

*കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിച്ചെങ്കിലും ഒരു സ്റ്റേഷനിലും അധികം ഉദ്യോഗസ്ഥരില്ല

*ഓരോ സ്റ്റേഷനിലും 10 പേര്‍ക്കെങ്കിലും മേലുദ്യോഗസ്ഥരുടെയും വിഐപികളുടെയും 'അറ്റാച്‌മെന്റ് ' ജോലി.

*പെറ്റിക്കേസുകള്‍ വഴി പണമുണ്ടാക്കാന്‍ സമ്മര്‍ദം ഉണ്ടാവുമ്പോള്‍, ജനത്തിന്റെ ഇഷ്ടക്കേട് കൂടി കണക്കിലെടുക്കണം. എന്നാല്‍ ഇത് പാലിക്കാതെ വരുനോപ്ള്‍ മേലുദ്യോഗസ്ഥരുടെ അസഭ്യവര്‍ഷവും.

*എഫ്‌ഐആറിന്റെ 5 പകര്‍പ്പ് കോടതിയില്‍ ഹാജരാക്കണം. ഒരു സ്റ്റേഷനിലും ഇതിനു സംവിധാനമില്ല.

*മദ്യപാനം പരിശോധിക്കാനുള്ള ബ്രതലൈസര്‍ വാങ്ങുന്നതും എസ്എച്ഒമാരുടെ ചുമതല.

*നൈറ്റ് പട്രോളിങ്ങിന് കുറഞ്ഞത് നാല് പൊലീസുകാര്‍. അടുത്ത ദിവസം ആളില്ലാതെ സ്റ്റേഷനുകള്‍.

ആത്മഹത്യകള്‍ കൂടുമ്പോള്‍ സേനാംഗങ്ങള്‍ക്ക് കൗണ്‍സലിംഗ് എന്ന ഏക പോംവഴിയാണ് പൊലീസ് നേതൃത്വത്തിന്. എന്നാല്‍ ഇതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. പൊലീസിന് മതിയായ അംഗബലമില്ലാത്തതും കടുത്ത ജോലിഭാരവുമാണ് മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നത്. ക്രമസമാധാനവും കേസന്വേഷണവും വേര്‍തിരിച്ചത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. എട്ടു മണിക്കൂര്‍ ഡ്യൂടി കടലാസില്‍ മാത്രം.

പെറ്റിക്കേസുകളുടെയും കുറ്റപത്രങ്ങളുടെയും എണ്ണം തികയ്ക്കല്‍, വാറണ്ട് നടപ്പാക്കല്‍, പ്രതിയെ പിടിക്കല്‍ എന്നിങ്ങനെ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. ഇതിനു പുറമെ ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് അടക്കം നിരവധി പദ്ധതികളും. 61,000 അംഗങ്ങളാണ് പൊലീസില്‍. ലക്ഷക്കണക്കിന് പരാതികളില്‍ അന്വേഷണത്തിനും പ്രതികളെ പിടിക്കാനും ക്രമസമാധാനപാലനത്തിനും ഇത്രയും സേനാബലം പോരാ.

എട്ടു മണിക്കൂറാണ് ഡ്യൂടിയെങ്കിലും 12-18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്ന സ്റ്റേഷനുകളുണ്ട്. മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ സേനാംഗങ്ങള്‍ക്ക് ദീര്‍ഘനേരം തുടര്‍ച്ചയായി ഡ്യൂടി നല്‍കരുതെന്നും, മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ലഘുവായ ഡ്യൂടികള്‍ നല്‍കണമെന്നുമുള്ള ഡി ജി പിയുടെ നിര്‍ദേശം ഫലംകണ്ടില്ല. തുടര്‍ച്ചയായി ഡ്യൂടി ചെയ്ത പൊലീസുകാര്‍ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ ലഘുവായ ഡ്യൂടികള്‍ നേടിയെടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ജോലിഭാരമേറും. ഡ്യൂടി ശാസ്ത്രീയമായി പുന:ക്രമീകരിക്കണമെന്ന ശിപാര്‍ശയും നടപ്പായില്ല.

Kerala Police | മാനസിക പിരിമുറുക്കം ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നു? കടുത്ത ജോലിഭാരവും മാനസിക സമ്മര്‍ദവും താങ്ങാനാവാതെ കേരള പൊലീസില്‍ ആത്മഹത്യയും സ്വയം വിരമിക്കലും ഏറുന്നുവെന്ന് ഇന്റലിജന്‍സ് കണക്കുകള്‍



Keywords: News, Kerala, Kerala-News, Police-News, Malayalam-News, 30 Policemen, EveryYear, Kerala News, Kerala Police, Duty Time, Job, Retirement, Stress, Mental Health, Counseling, Kerala: More than 30 policemen died in duty time every year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia