കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനം ഒക്ടോബര്‍ 10ന്

 


മലപ്പുറം: (www.kvartha.com  09.10.2015) സുന്നി സംഘശക്തിയുടെ പുതിയ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനം ഒക്ടോബര്‍ 10ന് മലപ്പുറത്ത് നടക്കും. കഴിഞ്ഞ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം മുന്നോട്ടുവെച്ച ബഹുജന സംഘടനയുടെ ഔപചാരിക പ്രഖ്യാപനമാണ് മലപ്പുറത്ത് നടക്കുന്നത്.

വിശ്വാസ വൈകല്യങ്ങള്‍, മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന പുതിയ പ്രവണതകള്‍, രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വര്‍ഗീയ ചേരിതിരിവുകള്‍, തീവ്രവാദം, ഭീകരത തുടങ്ങിയവ സമൂഹത്തില്‍ ഉളവാക്കുന്ന അസ്ഥിരതയുടെ പശ്ചാതലത്തില്‍ പ്രദേശികതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബഹുജന സംഘടന രൂപം കൊള്ളുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

ബഹുജന സംഘടനയുടെ യൂനിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കുന്നതിനുള്ള സ്‌റ്റേറ്റ്, ജില്ലാ അഡ്‌ഹോക്ക് സമിതികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പ്രഖ്യാപന സമ്മേളനത്തിന് അനുബന്ധമായി സുന്നി സംഘടനകളുടെ സംയുക്ത നിര്‍വാഹക സമിതിയോഗവും മുസ്‌ലിം ജമാഅത്ത് രൂപവത്കരണ, എസ് വൈ എസ് പുനഃസംഘടനാ ശില്‍പ്പശാലകളും രാവിലെ പത്ത് മുതല്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും.

ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി സംസാരിക്കും. കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനത്തിന്റെ വിളംബര റാലി വ്യാഴാഴ്ച നടന്നു.

കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനം ഒക്ടോബര്‍ 10ന്


Keywords: Kerala Muslim Jamaath, Samastha, Sunni, SYS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia