കാര്യക്ഷമമായ ഭരണമാതൃകയില്‍ കേരളം അഞ്ചാം സ്ഥാനം നേടി; ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമെന്നും പിണറായി

 


തിരുവനന്തപുരം: (www.kvartha.com 30.12.2021) കേന്ദ്ര സര്‍കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയില്‍ അഞ്ചാം സ്ഥാനം നേടി കേരളം. ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനവും കേരളത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുകിലൂടെ അറിയിച്ചു.

കാര്യക്ഷമമായ ഭരണമാതൃകയില്‍ കേരളം അഞ്ചാം സ്ഥാനം നേടി; ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനമെന്നും പിണറായി

വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇംപ്ലിമെന്റേഷന്‍ സ്‌കോര്‍ ഉയര്‍ത്തിയെന്നും പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോര്‍ മെച്ചപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സദ്ഭരണ സൂചികയില്‍ മികച്ച അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും. കേന്ദ്ര സര്‍കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയില്‍ കേരളം അഞ്ചാം സ്ഥാനം നേടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.

വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇംപ്ലിമെന്റേഷന്‍ സ്‌കോര്‍ 44.82 ല്‍ നിന്ന് 85.00 ആയി ഉയര്‍ത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോര്‍ മെച്ചപ്പെടുത്തിയത്.

വ്യവസായ മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് 2019-ല്‍ 1.00 ആയിരുന്നത് 2021-ല്‍ 7.91 ആയി ഉയര്‍ന്നു. മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴില്‍ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോര്‍ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങിലും കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.

ഭരണ നിര്‍വഹണം മെച്ചപ്പെടുത്താനും സുതാര്യവും ജനകീയവും ആക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഈ നേട്ടത്തില്‍ പ്രതിഫലിക്കുന്നത്. ഈ മാറ്റങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് സദ്ഭരണ സൂചിക അടിവരയിടുന്നു.

ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്നും ഈ പഠനം വ്യക്തമാക്കുന്നു. അതിനായി കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളം ഇക്കാര്യത്തിലും ഒന്നാമതെത്താന്‍ ഐക്യത്തോടെ നമുക്ക് മുന്നോട്ടുപോകാം.


Keywords: Kerala ranked 5th in India in Good Governance Index, says CM Pinarayi Vijayan, Thiruvananthapuram, News, Pinarayi vijayan, Chief Minister, Facebook Post, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia