Support | സംസ്ഥാനത്തിന്റെ സമസ്തമേഖലകളിലുമുള്ള നവീകരണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായവും സഹകരണവും അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ്
ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിന് കഴിയുന്നില്ല, സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല അപകടത്തിലായത് ഇതിന് ഉദാഹരണമാണ്
ഇവിടെ ഇല്ലാത്ത അസുഖങ്ങളില്ലെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തിന്റെ സമസ്തമേഖലകളിലുമുള്ള നവീകരണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായവും സഹകരണവും വേണമെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14ാമത് ബൈനിയല്‍ ഗ്ളോബല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ കേരളത്തിന് കഴിയുന്നില്ല, സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല അപകടത്തിലായത് ഇതിന് ഉദാഹരണമാണെന്നും ഇവിടെ ഇല്ലാത്ത അസുഖങ്ങളില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യനയം കാലാനുസൃതമായി നവീകരിക്കുന്നില്ല. ഇത് ഏതെങ്കിലും സര്‍ക്കാരിന്റെ മാത്രം കുറ്റമല്ല. ലോകത്തിലെ എല്ലാ പ്രധാന മേഖലകളിലും സ്ഥാപനങ്ങളിലും മലയാളികളുണ്ട്. പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളുടെയും നവീകരണത്തിന് അവരുടെ സഹായം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ തീരമേഖലയും അപകടാവസ്ഥയിലാണെന്ന് ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ളൈമറ്റ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ പലരും എന്നെ പരിഹസിച്ചു. ചുഴലിക്കാറ്റ്, മേഘവിസ്ഫോടനം, വലിയ തിരമാലകള്‍ എന്നിവയുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ ദുരന്തനിവാരണ വകുപ്പ് നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2016ലാണ് ഏറ്റവും അവസാനം പുതുക്കിയത്. എട്ട് കൊല്ലത്തിന് ശേഷം ഈ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി. കാലാവസ്ഥാ പ്രവചന രീതി വരെ മാറി. അതുകൊണ്ട് ഇനിയും ദുരന്തമുഖത്തേക്ക് പോകണോ? അതൊഴിവാക്കാന്‍ എ.ഐ സഹായം ഉള്‍പ്പെടെ തേടണം. ഈ രംഗത്തും വിദഗ്ധരായ മലയാളികളുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി പ്രശ്നമുണ്ടാക്കുന്നത് കണ്ട് നമ്മള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ്.
മറ്റ് പല രാജ്യങ്ങളും ശാസ്ത്രീയമായി ഇതിനെ നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ട് വന്നതിന് അദ്ദേഹം നന്ദിയും അറിയിച്ചു. ചടങ്ങില്‍ പ്രതിപക്ഷനേതാവിന്റെ മണല്‍ചിത്രം രേശ്മ സൈനുലാബ്ദീന്‍ തല്‍സമയം വരച്ച് കൊടുത്തു.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പോയപ്പോള്‍ അവിടെ ഏതോ മേഖലയില്‍ വലിയ വെള്ളപ്പൊക്കമാണെന്ന് മനസിലാക്കി, കാലാവസ്ഥയില്‍ വന്ന മാറ്റമാണ് മരുഭൂമിയുള്ള അവിടെ ഇതിന് കാരണമായതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അഞ്ച് കൊല്ലമായി അവിടുത്തെ കാലാവസ്ഥ മൊത്തം മാറി. ചിലയിടത്ത് കൃഷി ചെയ്യാന്‍ പറ്റില്ലെന്ന് അറിയാന്‍ കഴിഞ്ഞു.
എല്ലാ സാങ്കേതികവിദ്യകളും ഉണ്ടായിട്ടും കത്രീന ചുഴലിക്കാറ്റ് വന്നപ്പോള്‍ അമേരിക്കയില്‍ വെള്ളംകയറി നാശനഷ്ടങ്ങളുണ്ടായി. പ്രകൃതിയിലെ മാറ്റം പലതും നമുക്ക് മനസിലാക്കാനാകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 25 യുവതികള്‍ക്കുള്ള വിവാഹ ധനസഹായം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ റീജിയന്‍ നല്‍കുമെന്നും ഓരോരുത്തര്‍ക്കും നാല് ലക്ഷം രൂപാ വീതം നല്‍കുമെന്നും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിനാലാമത് ബനിയല്‍ കോണ്‍ഫറന്‍സില്‍ ഗ്ലോബല്‍ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചെയര്‍മാനായി ഗോപാലപിള്ള (USA) യേയും, പ്രസിഡന്റായി ജോണ്‍ മത്തായിയേയും (UAE ), ജനറല്‍ സെക്രട്ടറിയായി ക്രിസ്റ്റഫറിനേയും (UAE) ട്രഷറര്‍ ആയി ശശികുമാറിനേയും തിരഞ്ഞെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള ചെയര്‍മാന്‍ ഗോപാലപിള്ള അധ്യക്ഷനായി. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, എസ് ബി ഐ ഉപദേഷ്ടാവ് ആദികേശവന്‍, പി.എം നായര്‍, ഷൈന്‍ ചന്ദ്രസേനന്‍, മേഴ്സി തടത്തില്‍, ഗ്രിഗറി മേടയില്‍, ജോളി. എം. പടയാറ്റില്‍, ഡോ. കെ.ജി വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.