Protest | സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് സമാപനം: ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോള്‍ കിരീടം സമ്മാനിച്ചു; വേദിയില്‍ പോയിന്റിനെ ചൊല്ലി പ്രതിഷേധം
● വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു
● തൃശൂര്‍ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി
● വേദിയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
● ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയാണ് പ്രതിഷേധം
കൊച്ചി: (KVARTHA) കൗമാര കേരളത്തിന്റെ പുതിയ കുതിപ്പും കരുത്തും വേഗവും കണ്ട സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് സമാപനം. പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഉത്സവ പ്രതീതി ഉയര്‍ത്തിയ സമ്മേളനത്തോടെയാണ് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ് ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഫുട് ബോള്‍ ഇതിഹാസം ഐഎം വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോള്‍ കിരീടം സമ്മാനിച്ചു. തൃശൂര്‍ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. കായികമന്ത്രി വി അബ്ദുര്‍ റഹിമാന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ജി അനില്‍, ചിഞ്ചുറാണി തുടങ്ങിയവരും സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അതിനിടെ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധവും നടന്നു. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയാണ് പ്രതിഷേധം. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. വിദ്യാര്‍ഥികള്‍ പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസെത്തി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയാണ്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച് എസ് എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഇവര്‍ക്കു പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജിവി രാജയ്ക്ക് രണ്ടാംസ്ഥാനം നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. 'മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ', എന്ന് വിദ്യാര്‍ഥികളെ പൊലീസ് ഭീഷണിപ്പെടുത്തിയതായും പൊലീസ് മര്‍ദിച്ചതായും ആരോപണം ഉയരുന്നുണ്ട്.
#KeralaSportsMeet #StudentProtest #GVRajaControversy #PointDispute #MaharajasCollege #KeralaNews