Declaration | സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരുന്നു; സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്ന് മുഖ്യമന്ത്രി
● സര്‍ക്കാരിന്റെ വിവിധ ക്യാമ്പയിനുകള്‍ മികച്ച രീതിയില്‍ നടക്കുന്നു.
● 'മനസോടിത്തിരി മണ്ണ്' പദ്ധതി വിജയകരമായി നടപ്പിലാക്കുന്നു.
● ഹരിത കേരളം പദ്ധതിയില്‍ സംസ്ഥാനം മുന്നേറുന്നു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.
വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളില്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്റെ വിവിധ ക്യാമ്പയിനുകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലകളില്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനില്‍ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയില്‍ തുടങ്ങിയ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.
സംസ്ഥാനത്ത് ഹരിത അയല്‍ക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. ഹരിത ഓഫീസുകള്‍, ഹരിത ടൗണുകള്‍ തുടങ്ങിയ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളില്‍ സ്‌കൂളുകളെ കൂടുതലായി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടപ്പിലാക്കണം.
വികേന്ദ്രീകൃത എസ് ടി പികള്‍ എല്ലാ സ്ഥലത്തും വരണം. ആദ്യം അതിന്റെ ബോധവല്‍ക്കരണം നടത്തണം. ബ്ലോക്ക് തലത്തിലെങ്കിലും ഒരു കേന്ദ്രം കണ്ടെത്തണം. പ്രാദേശികമായി പറ്റാവുന്നത്ര ഇത് പ്രാവര്‍ത്തികമാക്കണമെന്നും എല്ലാ ജില്ലകളിലും അത്തരം സ്ഥലങ്ങള്‍ കലക്ടര്‍മാര്‍ കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും വ്യാപകമാക്കണം. ലഹരിയുടെ ആപത്തുകള്‍ കൂടിവരുന്നുണ്ട്. ചില കുടുംബങ്ങളില്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്. അവര്‍ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. എക്‌സൈസ്, പോലിസ് തുടങ്ങിയ വകുപ്പുകള്‍ ലഹരിക്കെതിരെ പ്രവര്‍ത്തനസജ്ജരാണ്. എന്നാലും ലഹരി മാഫിയകള്‍ക്കെതിരെ വിവിധ തലത്തില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലര്‍ത്തണം. അവശതയുള്ളവര്‍ക്കായി ജില്ലകളില്‍ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഉറപ്പാക്കണം. വിവിധ സന്നദ്ധ സംഘടനകള്‍ക്ക് തദ്ദേശസ്വയംഭരണ തലത്തില്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കണം.
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. എന്നാല്‍ ശാന്തമായ നില അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട്. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകും. വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാത്ത നാടാണ് നമ്മുടേത്. എന്ന് നമുക്ക് പേരുണ്ട്. അത് വര്‍ഗീയ സംഘടനകള്‍ ഇല്ലാത്തതുകൊണ്ടല്ല. മറ്റിടങ്ങളില്‍ കിട്ടുന്ന പരിലാളന അവര്‍ക്ക് ഇവിടെ കിട്ടാത്തതുകൊണ്ടാണ്. തുടര്‍ന്നും അത് കിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും ഉള്‍പ്പെട്ട സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണം. സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അഴിമതി തടയാന്‍ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി ആര്‍ അനില്‍, ഒ ആര്‍ കേളു, വീണ ജോര്‍ജ്, ഡോ. ആര്‍ ബിന്ദു, എം ബി രാജേഷ്, ജെ ചിഞ്ചു റാണി, പി. പ്രസാദ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#Kerala #povertyfree #development #PinarayiVijayan #India #socialwelfare #environment #sustainability