Policy | അവഗണനയും ചൂഷണവും അനാഥത്വവും പരിഗണിക്കും; സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു 

 
Kerala to form State Senior Citizens Commission
Kerala to form State Senior Citizens Commission

Photo Credit: Facebook/Dr. R. Bindu

● പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് സാധ്യമാക്കും.
● നിയമസഹായം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കും. 
● വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കും.

തിരുവനന്തപുരം: (KVARTHA) കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്തിനുമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ആയത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നിവയാണ് കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കുക.

നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിന്‍ കീഴില്‍ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങള്‍ അതിന്റെ ശിപാര്‍ശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തര്‍ക്കത്തിലേര്‍പ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയര്‍പേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്ന് വര്‍ഷം വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.      

കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗനിര്‍ദ്ദേശം, ഭരണനിര്‍വഹണം എന്നിവ ചെയര്‍പേഴ്സണില്‍ നിക്ഷിപ്തമായിരിക്കും. ചെയര്‍പേഴ്സണ്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂര്‍ണ്ണ സമയ ഉദ്യോഗസ്ഥനായിരിക്കും. നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുളള ഓണറേറിയത്തിനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ബത്തകള്‍ക്കോ അല്ലെങ്കില്‍ സിറ്റിംഗ് ഫീസിനോ അര്‍ഹതയുണ്ടായിരിക്കും. 

കമ്മീഷന് മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിര്‍വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ പ്രസ്തുത വിഷയത്തില്‍ പ്രത്യേകമായ അറിവുള്ള രണ്ടില്‍ കൂടാത്ത എണ്ണം ആളുകളെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിക്കാം എന്നാല്‍ അവര്‍ക്ക് കമ്മീഷന്റെ യോഗങ്ങളില്‍ വോട്ടവകാശമുണ്ടാകില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

#KeralaSeniorCitizensCommission, #elderlycare, #socialwelfare, #KeralaGovernment, #RBindhu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia