● 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായി.
● കേരളം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്.
● കലകളുടെയും സാഹിത്യത്തിന്റെയും നാടാണ് കേരളം.
(KVARTHA) ഇന്ത്യയിൽ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിന് രൂപീകരിച്ച കേരളസംസ്ഥാനം നിലവിൽ വന്നിട്ട് 68 വർഷം. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഒറ്റ സംസ്ഥാനം ആക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നിരുന്നു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും ആധാരം.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം 1949 ൽ നിലവിൽ വന്ന തിരുകൊച്ചി സംസ്ഥാനം, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഫസൽ അലി തലവനായും സർദാർ കെ എം പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് ഖുൽസ്രു എന്നിവർ അംഗങ്ങളായും ആണ് കേന്ദ്രസർക്കാർ സംസ്ഥാന പുനസംഘടന കമ്മീഷൻ രൂപീകരിച്ചത്.
1955 ൽ കമ്മീഷൻ സർക്കാറിന് നൽകിയ ശുപാർശയിൽ കേരള സംസ്ഥാന രൂപീകരണ നിർദ്ദേശവും ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ തേവളം, അഗസ്തിശ്വരം, കൽക്കുളം, വിളവാങ്കോട് എന്നീ നാല് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും കേരളത്തിൽ നിന്ന് വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർത്തു. സൗത്ത് കാനറയിലെ കാസർകോട് ചേർത്തു. കന്യാകുമാരി നഷ്ടപ്പെട്ടു. മലബാർ പ്രദേശത്തെ ഗൂഡല്ലൂർ ഒഴിവാക്കി. ഇപ്രകാരമാണ് കേരളം നിലവിൽ വന്നത്.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും അഞ്ച് ജില്ലകൾ (തിരുവനന്തപുരം കൊല്ലം കോട്ടയം തൃശ്ശൂർ മലബാർ) മാത്രമേ ഉണ്ടായിരുന്നൊള്ളു. എന്നിരുന്നാലും ഇന്ത്യയിൽ തന്നെ വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി.
സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ.ടി കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എൻ.ഇ.എസ്. രാഘവാചാരി. ആദ്യ പൊലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ഇന്ത്യയിലെ തന്നെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലുടെ അധികാരത്തിൽ വന്നത് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
#KeralaFormationDay #KeralaHistory #Malayalam #India #IndianHistory #StateFormation