Landslide Tragedy | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം; പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (KVARTHA) വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ആവശ്യങ്ങളറിയിച്ച് അദ്ദേഹത്തിന് സംസ്ഥാനം കത്തു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സംഘത്തെ നിയോഗിച്ചു. സമഗ്രമായ പുനരധിവാസ പാകേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് അനുകൂല നിലപാടാണ് പൊതുവേയുള്ളത്. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 195 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗം 90 ശതമാനത്തിന് മുകളിലുണ്ടെങ്കില്‍ മൃതദേഹമായി കണക്കാക്കും. ഒരാളുടെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ലഭിക്കാനിടയുണ്ട്. ഇതെല്ലാം ഇപ്പോള്‍ തിരിച്ചറിയുന്നത് പ്രയാസമാണ്. എല്ലാ ശരീരഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കാണാതായ 131പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും 420 പോസ്റ്റുമോര്‍ടം നടത്തി. ഏഴ് ശരീരഭാഗങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്തി. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.