Compensation | തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം ലഭിക്കും! എന്താണ് ചെയ്യേണ്ടത്? അറിയാം നടപടിക്രമങ്ങൾ
പരിക്കിന്‍റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങൾ വികൃതമാകുക... ഇതെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക കമ്മിറ്റി നിശ്ചയിക്കുക
റോക്കി എറണാകുളം
(KVARTHA) ഇന്ന് നമ്മുടെ കേരളത്തിൻ്റെ മിക്ക ടൗണുകളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രി സമയങ്ങളിൽ മാത്രമല്ല പകൽ സമയത്തുപോലും തെരുവ് നായ്ക്കൾ എല്ലാവർക്കും ഒരു ഭീഷണിയായി മാറിയിരിക്കുന്നു. പലരെയും ഓടിച്ചിട്ട് കടിക്കുന്നു. കൊച്ചു കുട്ടികളെപ്പോലും ഇവ വെറുതെ വിടുന്നില്ല. തെരുവുനായ ആക്രമണം മാധ്യമങ്ങളിൽ നിത്യ വാർത്തയായിരിക്കുന്നു. നായയെ തിരിച്ച് ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ ഇവിടെ മൃഗസ്നേഹികൾ ഇറങ്ങും. മനുഷ്യരെ സ്നേഹിക്കുന്നവരെക്കാൾ മൃഗത്തെ സ്നേഹിക്കുന്നവർ ഉള്ളതുകൊണ്ട് തന്നെ നായ ശല്യം പരിഹരിക്കാൻ ഇവിടെ ആർക്കും ആകുന്നില്ലെന്നതാണ് സത്യം.
വലിയ വലിയ നേതാക്കളെപ്പോലും തെരുവ് നായ കടിച്ചിട്ടുള്ളതും വാർത്തയായിരുന്നു. എന്നിട്ടും ഇന്നും ഇതിനൊരു പരിഹാരം കാണാൻ പറ്റാതെ ഉഴലുന്ന സർക്കാർ സംവിധാനത്തെയാണ് എവിടെയും കാണാൻ കഴിയുന്നത്. പക്ഷേ, തെരുവ് നായ കടിച്ച ഒരാൾക്ക് നിയമ പരിരക്ഷ കിട്ടും എന്നത് പലർക്കും അറിയില്ല. നായ കടിച്ചാൽ നഷ്ടപരിഹാരമോ? ആരെ സമീപിക്കണം? എത്ര കിട്ടും? നടപടി ക്രമങ്ങൾ എന്തെല്ലാം? എന്നീ കാര്യങ്ങൾ എല്ലാം പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
കുറിപ്പിൽ പറയുന്നത്: 'തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ 2016 ഏപ്രിൽ അഞ്ചിനാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീം കോടതി നിശ്ചയിച്ചത്. കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു നടപടി. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. എറണാകുളം നോർത്തിലുള്ള കോർപ്പറേഷൻ കെട്ടിടത്തിൽ കഴിഞ്ഞ ആറ് വർഷമായി കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് തെരുവുനായ കടിയേൽക്കുന്നവർ പരാതിയുമായി സമീപിച്ചാൽ ആ പരാതി പരിശോധിച്ച് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നൽകാനുള്ള നിർദ്ദേശം സർക്കാറിന് നൽകുകയാണ് കമ്മിറ്റി ചെയ്യേണ്ടത്.
പരിക്കിന്‍റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങൾ വികൃതമാകുക... ഇതെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക കമ്മിറ്റി നിശ്ചയിക്കുക. പരിക്കേൽക്കുന്ന ആൾ കൃത്യമായ വിവരങ്ങളും ചികിത്സാ രേഖയും വെച്ച് വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി കൊച്ചി ഓഫീസിൽ എത്തിക്കുക മാത്രമാണ് ചെയ്യേണ്ടത്. പരാതിക്കാരൻ ഒരു തവണ കമ്മിറ്റിക്ക് മുന്നിൽ ഹിയറിംഗിനായി ഹാജരാകണം. അഭിഭാഷകന്‍റെ സാന്നിധ്യം ആവശ്യമില്ല. അതുകൊണ്ടു തന്നെ മറ്റ് ചെലവുകൾ പരാതിക്കാർക്ക് ഉണ്ടാകുകയുമില്ല.
തെരുവുനായയുടെ കടിയേറ്റവർ വാക്സീൻ എടുക്കുന്നത് സർക്കാർ ആശുപത്രിയിലാണ്. അതിനാൽ ചികിത്സ സൗജന്യമായിരിക്കും. എന്നാൽ അത്തരം ആളുകൾക്കും നഷ്ടപരിഹാരത്തിനായി കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി നിർദ്ദേശിക്കുന്ന തുക പരാതിക്കാരൻ താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റികൾ ആണ് നൽകേണ്ടത്. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ തന്നെ അറിയിച്ചിട്ടുള്ളതിനാൽ ഈ തുകയിൽ സർക്കാറിന് മാറ്റം വരുത്താനുമാകില്ല. എന്നാൽ പണം ലഭിക്കാൻ നിലവിൽ 3 മുതൽ 4 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പണം അനുവദിക്കാനുള്ള ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്നതിലെ കാലതാമസമാണ് ഇതിന് കാരണം.
ചില തദ്ദേശ സ്ഥാപനങ്ങൾ ഈ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സീമിപിച്ചിരുന്നെങ്കിലും അത് തള്ളുകയാണ് കോടതി ചെയ്തിട്ടുള്ളത്. ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി രൂപീകരിച്ച് 6 വർഷമായിട്ടും ഇതുവരെ പരാതിയുമായി കമ്മിറ്റിയെ സമീപിച്ചത് 5,036 പേർ മാത്രമാണ്. ഇതിൽ 881 പേർക്ക് പണം നൽകി. നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട് മരിച്ച ആൾക്ക് 32 ലക്ഷം രൂപ വരെ കമ്മിറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ വിലാസം: ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി, കൊച്ചി കോർപ്പറേഷൻ ബിൽഡിംഗ്, പരമാര റോഡ്, എറണാകുളം നോർത്ത്'.
തീർച്ചയായും, ഈ വിവരങ്ങൾ പലർക്കും ഉപകാരപ്പെടും. തെരുവ് നായ ശല്യം ഒരു പ്രധാന സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഇത്തരം വിവരങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
ഇത് വലിയ ഒരു അറിവ് തന്നെയാണ്. തെരുവ് നായ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക തന്നെ വേണം. ശരിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടാൻ ഇത് തീർച്ചയായും മറ്റ് ആളുകളിലേയ്ക്കും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു..