Plastic Recycling | കേരളത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് കൂത്തുപറമ്പിൽ പ്രവർത്തന സജ്ജമായി


● ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളാണ് ഇവിടെ റീസൈക്കിൾ ചെയ്യുന്നത്.
● വർഷം 4700 മെട്രിക് ടൺ പ്ലാസ്റ്റിക് കവറുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കും.
● 30 പേർക്ക് തൊഴിൽ ലഭിക്കും.
● ജർമൻ കമ്പനിയായ ബിഎർസ്‌ഡോർഫിന്റെ സഹായത്തോടെയാണ് പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്.
കണ്ണൂർ: (KVARTHA) മാലിന്യ സംസ്കരണ രംഗത്ത് പുതിയൊരു ചുവടുവെയ്പ്പുമായി കേരളത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് കൂത്തുപറമ്പ് വലിയവെളിച്ചത്ത് കെ.എസ്.ഐ.ഡി.സി.യുടെ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായി. ഹരിത കർമ്മ സേന ശേഖരിക്കുന്നതും, മൂല്യം കുറഞ്ഞതുമായ പുന:ചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് കവറുകളാണ് ഈ യൂണിറ്റ് ലക്ഷ്യമിടുന്നത്.
ഏകദേശം ഒരു ഏക്കറിൽ 25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. നിലവിലെ യന്ത്രങ്ങൾ ഉപയോഗിച്ച് ഒരു വർഷം 4700 മെട്രിക് ടൺ പ്ലാസ്റ്റിക് കവറുകൾ ഇവിടെ റീസൈക്കിൾ ചെയ്യാൻ സാധിക്കും. കേരളത്തിൽ സംഭരിക്കപ്പെടുന്ന റീസൈക്ലിംഗ് യോഗ്യമായ പ്ലാസ്റ്റിക് കവറുകളുടെ 30 ശതമാനം വരെ ഇവിടെ റീസൈക്കിൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാക്ടറിയിലെത്തുന്ന പ്ലാസ്റ്റിക്കുകൾ ആദ്യം തരംതിരിച്ച് കഴുകി വൃത്തിയാക്കിയ ശേഷം വിവിധ പ്രക്രിയകളിലൂടെ ഗ്രാന്യൂൾസ് രൂപത്തിലാക്കി, മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളായി മാറ്റാനായി അയക്കുന്നു. ഏകദേശം 30 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. ഇവിടെ ഉപയോഗിക്കുന്ന വെള്ളം റീസൈക്കിൾ ചെയ്തു പുനരുപയോഗം ചെയ്യുന്നതിനായി എഫ്‌ളുവന്റ് ട്രീറ്റ്മെൻ്റ് പ്ലാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓട്ടോമെറ്റിക് മെഷീനറികൾ ഉപയോഗിച്ചാണ് റീസൈക്ലിംഗ് നടത്തുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണം ഏറ്റെടുത്തു നടത്തുന്ന ഗ്രീൻ വേംസ് ആണ് സംരംഭകർ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേംസിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജർമൻ കമ്പനിയായ ബിഎർസ്‌ഡോർഫ് (നിവ്യ)യുടെ സഹായത്തോടെയാണ് പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്. നിലവിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കൊല്ലം നഗരസഭകൾ ഉൾപ്പെടെ 150 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പങ്കാളിയാണ് ഗ്രീൻ വേംസ്.
റീസൈക്ലിംഗ് പ്ലാന്റിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി 24-ന് വൈകുന്നേരം 3.30-ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ലാബിന്റെ ഉദ്ഘാടനം വി. ശിവദാസൻ എം.പി. നിർവഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ., ടി. സിദ്ദീഖ് എം.എൽ.എ., ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, കേരള പൊലൂഷൻ കൺട്രോൾ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്. തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
24-ന് രാവിലെ ഒൻപത് മണി മുതൽ ഗ്രീൻ വേംസ് വാർഷികാഘോഷ പരിപാടികളും, വിനോദ് കോവൂർ നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ഗ്രീൻവോർമസ് ഡയറക്ടർ സി.കെ.എ. ഷമീർ ബാവ, ഓപ്പറേഷൻ മാനേജർ ബൈജു, പ്രൊജക്ട് ഹെഡ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.
Kerala's largest plastic recycling unit in Koothuparamba aims to recycle 30% of recyclable plastic, with the latest technology and job opportunities.
#PlasticRecycling #KeralaGreen #Environment #KochiNews #GreenInitiative #Sustainability