Assaulted | കട്ടന്‍ ചായ കുടിച്ചപ്പോള്‍ ഛര്‍ദി; പിന്നീട് ഒന്നും ഓര്‍മയില്ല; 
മംഗ്ലൂരില്‍ മലയാളിയെ മറ്റൊരു മലയാളി മര്‍ദിക്കുകയും പണവും സ്വര്‍ണവും കവര്‍ന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പരാതി
 

 
Kerala, Mangaluru, robbery, assault, Malayalam, drugged, gold, cash
Kerala, Mangaluru, robbery, assault, Malayalam, drugged, gold, cash

Representation Image Generated By Meta AI

കവര്‍ന്നത് രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവ
 

ആലുവ: (KVARTHA) അന്യനാട്ടില്‍ മലയാളി മറ്റൊരു മലയാളി സംഘത്തിന്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബു(46) ആണ് പരാതിക്കാരന്‍. മംഗ്ലൂറു ബസ് സ്റ്റാന്‍ഡില്‍ വച്ച് താന്‍ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. 


മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച് സ്റ്റാന്‍ഡില്‍ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി. 


സംഭവത്തെ കുറിച്ച് ഷിബു പറയുന്നത്: 

മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിവരുമ്പോള്‍ 28-ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഒരുമണിക്ക് കോട്ടയം ബസ് ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡില്‍ വിശ്രമിക്കുമ്പോള്‍ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. തുടര്‍ന്ന് അവര്‍ വാങ്ങി നല്‍കിയ കട്ടന്‍ചായ കുടിച്ചു. ഇതോടെ ഛര്‍ദി അനുഭവപ്പെട്ടു.

ഈ സമയം അവര്‍ നല്‍കിയ പാനീയം കഴിച്ചപ്പോള്‍ അബോധാവസ്ഥയിലായി. ഇടയ്ക്ക് ഓര്‍മവരുമ്പോള്‍ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മര്‍ദിച്ചത്. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. 29-ന് പുലര്‍ചെ അടിവസ്ത്രം മാത്രം ധരിച്ചനിലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയില്‍ കടയുടമയും മര്‍ദിച്ചു. അതുവഴിവന്ന ഒരു യുവാവ് ട്രാക് സ്യൂട്ടും 300 രൂപയും നല്‍കി.

തുടര്‍ന്ന് മംഗലാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടങ്ങിയെത്തി. വെള്ളിയാഴ്ചയാണ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia