കളി കാര്യമായി; ചൊവ്വയിലെത്താന്‍ ഈ മലയാളി പെണ്‍കുട്ടിക്ക് ഒരു കടമ്പ കൂടി

 


പാലക്കാട്: (www.kvartha.com 17/02/2015)  ശ്രദ്ധാ പ്രസാദ്, വയസ് 19, പാലക്കാട് കൊല്ലങ്കോട് സ്വദേശിനി. ഒരുപക്ഷേ നാളെ ലോകം ഇവളെ അറിയുന്നത് നെതര്‍ലന്‍ഡിലെ സയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചൊവ്വ സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുത്ത 24 പേരടങ്ങുന്ന സംഘത്തിലെ ഏക മലയാളി എന്ന പേരിലായിരിക്കും.

നന്നേ ചെറുപ്പത്തില്‍ തന്നെ ബഹിരാകാശകാഴ്ചകളോട് പ്രണയമായിരുന്നു ഇവള്‍ക്ക്. വളര്‍ന്നപ്പോള്‍ ആ താല്‍പര്യവും അവളോടൊപ്പം വളര്‍ന്നു. അങ്ങനെയിരിക്കേ ഒരു പത്രത്തിലെ പരസ്യം ആ കണ്ണുകളില്‍ ഉടക്കി. ചൊവ്വാദൗത്യവുമായി പോകുന്ന സംഘത്തില്‍ അംഗമാകാനുള്ള ക്ഷണമായിരുന്നു പരസ്യം. കണ്ടപ്പോള്‍ ഒരു കൗതുകത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ മൂന്നു മാസങ്ങള്‍ക്കുശേഷം ആദ്യപടിയെന്ന നിലയില്‍ അപേക്ഷ അയച്ച രണ്ടു ലക്ഷത്തിലേറെപ്പേരില്‍ നിന്ന് തെരഞ്ഞെടുത്ത 663 പേരുടെ പട്ടികയില്‍ ഇടം പിടിച്ചതായി അറിയിച്ചുകൊണ്ടുള്ള മറുപടി ഇമെയില്‍ സന്ദേശം ശ്രദ്ധയെ തേടിയെത്തി.

ഈ 663 പേരില്‍ നിന്നും സയന്‍സ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ 100 പേരുടെ സാധ്യതാ പട്ടികയിലും ശ്രദ്ധ ഇടം നേടി. ഈ നേട്ടം കരസ്ഥമാക്കിയ മൂന്ന് ഇന്ത്യക്കാരിലൊരുവള്‍ എന്ന ബഹുമതിയും ഒരു മലയാളിയെന്ന ബഹുമതിയും ഇതിലൂടെ ശ്രദ്ധ കരസ്ഥമാക്കി. ശ്രദ്ധയെക്കൂടാതെ യു എസിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ തരഞ്ജീത്ത് സിങ്ങും ദുബായില്‍ താമസിക്കുന്ന റിതികാസിങ്ങുമാണ് സാധ്യതാപട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യക്കാര്‍.

കളി കാര്യമായി; ചൊവ്വയിലെത്താന്‍ ഈ മലയാളി പെണ്‍കുട്ടിക്ക് ഒരു കടമ്പ കൂടിപാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ശ്രദ്ധാപ്രസാദ് കോയമ്പത്തൂര്‍ അമൃതാ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. വടവന്നൂരിലെ ഗീതയുടെ മകളായ ശ്രദ്ധ ഇപ്പോള്‍ താമസിക്കുന്നത് കോയമ്പത്തൂരിലാണ്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം കോയമ്പത്തൂരിലേക്ക് താമസം മാറ്റുകയായിരുന്നു.

സാധ്യതാ പട്ടികയിലുള്‍പ്പെട്ടവര്‍ക്കായി നടത്തിയ മാനസികശേഷി, ശാരീരികാശേഷി പരിശോധനാ എന്നീ കടമ്പകളും കടന്നുകഴിഞ്ഞ ശ്രദ്ധയ്ക്കു മുന്നില്‍ ബാക്കിയുള്ളത് നെതര്‍ലന്‍ഡില്‍ വച്ചുനടക്കുന്ന റിയാലിറ്റി ഷോ എന്ന കടമ്പ മാത്രമാണ്. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തെ കഠിനപരീശിലനമുണ്ട്. 2024 ലാണ് ഫൗണ്ടേഷന്റെ ചൊവ്വാദൗത്യം.മുഴുവന്‍ ചെലവും ഫൗണ്ടേഷന്‍ വഹിക്കും
Also Read:
നാട് ശിവരാത്രി ആഘോഷ നിറവില്‍, ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്
Keywords: Girl, Malayalam, palakkad, Advertisement, Email, Application, Online, Reality -show, Engineering Student, Kerala


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia