Evidence Collection | നായ അടയാളം കാട്ടി; വീണ്ടുമൊരു മൃതദേഹം കൂടി? കുഴി എടുത്തുതുടങ്ങി; വീടിനുള്ളില്‍ ഫോറന്‍സിക് പരിശോധന
Oct 15, 2022, 16:58 IST
പത്തനംതിട്ട: (www.kvartha.com) നരബലിക്കേസിലെ പ്രതികളുമായി ഇലന്തൂരില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്. സ്ഥലത്ത് ഇനിയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടാകുമോ എന്ന് കണ്ടെത്താന്‍ പൊലീസ് കാട് വെട്ടിത്തെളിച്ച് പരിശോധിക്കുകയാണ്.
വീടിനോടു ചേര്‍ന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്തു കുഴിയെടുക്കുന്നതിനായി മാര്‍ക്ക് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ കഡാവര്‍ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് ഇവിടെ കുഴിയെടുക്കുന്നത്.
ഇവിടേയ്ക്കു മുഖ്യപ്രതി മുഹമ്മദ് ശാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. വീടിനുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ മായ, മര്‍ഫി നായ്ക്കള്‍ സ്ഥലത്തുണ്ട്. നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്.
വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ എത്തിച്ചത്. പ്രദേശവാസികള്‍ പ്രതികള്‍ക്ക് നേരെ തിരിയുമോ എന്ന് ഭയന്ന് സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
വീടിന്റെ മുന്‍വശത്തു നിന്നാണ് പത്മത്തിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവിടെ ഒരു കോണിലായി മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. ഇതിനടിയിലാണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. വീടിന്റെ പിന്‍വശത്ത് അലക്കുകല്ലിനോട് ചേര്‍ന്നാണ് റോസ്ലിയുടെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.
Keywords: Kerela Human Sacrifice: All Three Accused Taken To Murder Sites In Elanthoor For Evidence Collection, Pathanamthitta, News, Police, Probe, Dead Body, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.