കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് ടി.എന്‍. ഗോപകുമാറിന്

 


കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് ടി.എന്‍. ഗോപകുമാറിന്
കാസര്‍കോട്: പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം. അഹ്മദിന്റെ സ്മരണക്കായി കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പെടുത്തിയ രണ്ടാമത് കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫും ദൃശ്യമാധ്യമ പ്രവര്‍ത്തകനും ശ്രദ്ധേയമായ 'കണ്ണാടി'യുടെ അവതാരകനുമായ ടി.എന്‍. ഗോപകുമാറിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്.

കാര്‍ട്ടൂണ്സ്റ്റ് പി.വി. കൃഷ്ണന്‍, പ്രൊ. എം.എ. റഹ്മാന്‍, പ്രൊ. കെ.പി. ജയരാജന്‍ എന്നിവരുള്‍പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അഹ്മദിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 17ന് ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‌സ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഡോ. പൂനത്തില്‍ കുഞ്ഞബ്ദുല്ല അവാര്‍ഡ് സമ്മാനിക്കും. കെ.യു. ഡബ്ല്യു ജെ. ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി കെ.എം. അഹ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം. അഹ്മദിന്റെ പേരിലുള്ള രണ്ടാമത് മാധ്യമ പുരസ്‌ക്കാരമാണിത്. കഴിഞ്ഞ തവണ അച്ചടി മാധ്യമത്തിനായിരുന്നു അവാര്‍ഡ്.

500 ലേറെ എപ്പിസോഡുകള്‍ പിന്നിട്ട 'കണ്ണാടി' ഒരു പരമ്പര എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുകയും ചെയ്തുവെന്ന് ജൂറി വിലയിരുത്തി.

നീലകണ്ഠ ശര്‍മ്മയുടെയും തങ്കമ്മയുടെയും മകനായി 1957ല്‍ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് ജനിച്ച ഗോപകുമാര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആംഗല സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മധുര സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിലും പി.ജി. നേടി. മാതൃഭൂമി, മാധ്യമം, ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ പത്രങ്ങളിലും ജോലി നോക്കിയിരുന്നു. ഗോപകുമാര്‍ സംവിധാനവും അവതരണവും നിര്‍വഹിച്ച് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കണ്ണാടി സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'വേരുകള്‍' എന്ന മറ്റൊരു ടി.വി. പരമ്പരയും ശ്രദ്ധേയമാണ്. 'ശുചീന്ദ്രം രേഖകള്‍' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കദമി പുരസ്‌കാരം ലഭിച്ചു. 'ജീവന്‍ മശായ' എന്ന ചലചിത്രം സംവിധാനം ചെയ്തു. ഭാര്യ: ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി.

വാര്‍ത്താ സമ്മേളനത്തില്‍ ജൂറി അംഗം പ്രൊഫ. കെ.പി. ജയരാജന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് ഹാഷിം, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ജോ. സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആലൂര്‍, മുജീബ് അഹ്മദ് സംബന്ധിച്ചു.



Keywords: Kasaragod, Kerala, Award, Press meet, Cartoonist, K.P. Jayarajan, K. Vinod, Mohammed Hashim, Kannadi, Asianet, News Times, T.N. Gopakumar, K.M. Ahmad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia