Arrested | വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയുടെ ദുരൂഹമരണം; ഫാക്ടറി സൈറ്റ് മാനേജര്‍ അറസ്റ്റില്‍

 


കൊച്ചി: (KVARTHA) വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി എം മധുവിനെ (33) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബിനാനിപുരം സി ഐ പറയുന്നത്: കരാര്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ആലുവ ബിനാനിപുരത്തെ സ്ഥാപനത്തില്‍ നിന്ന് ചെമ്പു കമ്പികളും തകിടും മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് മധുവിനെ തിങ്കളാഴ്ച (ഒക്ടോബര്‍ 23) ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു. മോഷണ സംഭവത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ പരാതി നല്‍കാന്‍ കംപനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് നിയാസിനെ ബുധനാഴ്ച (25.10.2023) രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. 36 മണിക്കൂറോളം തടഞ്ഞുവെച്ച് നടത്തിയ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മധു ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കംപനി വളപ്പിലെ പൂട്ടിക്കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിനുള്ളില്‍ ബുധനാഴ്ച രാവിലെയാണ് മധുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന്റെ പേരിലാണ് നിയാസിനെ അറസ്റ്റ് ചെയ്തത്.

മധുവിന്റെ പോസ്റ്റുമോര്‍ടം കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ച് കഴിഞ്ഞു. അതില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളില്‍ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ, മുറിവുകളോ ഇല്ല. തൂങ്ങി മരിച്ച ലക്ഷണം തന്നെയാണ് ഉള്ളത്. പോസ്റ്റുമോര്‍ടത്തിന്റെ വിശദമായ റിപോര്‍ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കംപനിയുടെ യന്ത്രഭാഗങ്ങള്‍ സ്‌ക്രാപ് ആയി വില്‍ക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ 2022 ഫെബ്രുവരിയിലാണ് ജോലി തുടങ്ങിയത്. ഈ കംപനിയിലെ ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കംപനിയിലെ ജീവനക്കാരനായിരുന്നു മധു.

Arrested | വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയുടെ ദുരൂഹമരണം; ഫാക്ടറി സൈറ്റ് മാനേജര്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Kochi-News, Police-News, Kochi News, Factory, Site Manager, Arrested, Walayar, Molestation Case, Suspect, Death, Police, Case, Kochi: Factory site manager arrested in Walayar molestation case suspect's death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia