Found Dead | വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയില്‍

 


കൊച്ചി: (KVARTHA) വാളയാര്‍ കേസിലെ നാലാം പ്രതിയെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി മധുവിനെയാണ് കൊച്ചി ആലുവ ബിനാനിപുരത്തെ സിങ്ക് കംപനിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം നിലച്ച കംപനിയുടെ അകത്ത് ഫാനില്‍ തൂങ്ങിയ നിലയിലാണ് ബുധനാഴ്ച (25.10.2023) രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. പൂട്ടിക്കിടക്കുന്ന സ്‌ക്രാപ് നീക്കുന്ന കരാര്‍ എടുത്ത കംപനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു.

കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് മധു. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈകോടതി റദ്ദാക്കിയിരുന്നു. പിന്നാലെ കേസ് സിബിഐക്ക് വിട്ടു.

2017 മാര്‍ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പ്രദീപ് കുമാര്‍ പിന്നീട് ജീവനൊടുക്കി.

Found Dead | വാളയാര്‍ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയില്‍



Keywords: News, Kerala, Kerala-News, Police-News, Kochi News, Fourth Accused, Walayar, Case, Found Dead, Crime Branch, High Court, Dead Body, Police, Minor Girls, Sisters, Kochi: Fourth accused in Walayar case found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia