Controversy | കൊടകര കുഴല്‍പണം: തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന പ്രചാരണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെ സുരേന്ദ്രന്‍; തെളിവുകള്‍ പുറത്തുവിട്ട് മുന്‍ ഓഫിസ് സെക്രട്ടറി
● പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒറ്റക്കെട്ടായി
● ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവര്‍ക്ക് നിരാശയുണ്ടാകും
● ശോഭാ സുരേന്ദ്രന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല
● ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ഫോട്ടോകള്‍ പുറത്തുവിട്ട് തിരൂര്‍ സതീശ്
പാലക്കാട്:(KVARTHA) കൊടകര കുഴല്‍പണം സംബന്ധിച്ച ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ പ്രശ്‌നവും യുഡിഎഫും എല്‍ഡിഎഫും ഉണ്ടാക്കിയതാണെന്നും ആരോപിച്ചു. ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഗൂഢാലോചന നടത്തുന്നുവെന്നും അതിലേക്ക് ബിജെപി നേതാക്കളുടെ പേര് വഴിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ വാക്കുകള്‍:
ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവര്‍ക്ക് നിരാശയുണ്ടാകും. ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമം നടക്കില്ല. ശോഭാ സുരേന്ദ്രന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല.
പൂരം നടക്കുന്നതിനിടെ പ്രശ്‌നമുണ്ടായ സ്ഥലത്തേക്ക് ആംബുലന്‍സില്‍ സഞ്ചരിച്ചതിന് സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭീരുത്വമാണ്. അക്രമ സ്ഥലത്തേക്ക് പോകാന്‍ സ്ഥാനാര്‍ഥിക്ക് വിലക്കില്ല. ഇതു പരിഹാസ്യമായ നിലപാടാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയന് മനസ്സിലായിട്ടില്ല- എന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിക്കായി എത്തിച്ച മൂന്നരക്കോടി കൊടകരയില്‍ കവര്‍ച്ച ചെയ്‌തെന്നാണ് കേസ്. ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം.
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരും കരുതേണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അപ്പക്കച്ചവടം സില്‍വര്‍ലൈന്‍ വഴി നടക്കില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അതിനിടെ തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ചിത്രങ്ങള്‍ തിരൂര്‍ സതീഷ് തന്നെയാണ് പുറത്തുവിട്ടത്. തിരൂര്‍ സതീഷിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും ഒപ്പം നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ ഫോട്ടോയാണ് അദ്ദേഹം പുറത്തുവിട്ടത്.
ശോഭാ സുരേന്ദ്രന്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് പറയുന്നത് നുണയാണെന്ന് പറഞ്ഞ സതീഷ് തന്റെ വീട്ടിലും തറവാട്ടിലും പലതവണ അവര്‍ വന്നിട്ടുണ്ടെന്നും താനുമായി പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തനിക്ക് കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അറിയാമായിരുന്നുവെന്നും എല്ലാവരോടും തുറന്ന് പറയുമെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞുകൊള്ളാനായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരേയും അറിയിക്കേണ്ട സമയമാണെങ്കില്‍ അറിയിക്കാമെന്നും അവര്‍ പറഞ്ഞുവെന്ന് കഴിഞ്ഞദിവസം തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം ശോഭാ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. ഇതിനുള്ള തെളിവെന്നോണമാണ് തിരൂര്‍ സതീഷ് ഇപ്പോള്‍ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.
ഈ ഫോട്ടോ മാത്രമല്ല, ശോഭാ സുരേന്ദ്രന്‍ തന്റേയും കുടുംബത്തിന്റേയും കൂടെ വന്നതിന്റെയെല്ലാം ഫോട്ടോകളും മറ്റ് തെളിവുകളും തന്റെ പക്കലുണ്ടെന്നാണ് തിരൂര്‍ സതീഷ് അവകാശപ്പെടുന്നത്. ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോ എടുത്തത് താനാണെന്നും അതുകൊണ്ടാണ് ഫോട്ടോയില്‍ ഉള്‍പ്പെടാതിരുന്നതെന്നും സതീഷ് പറയുന്നു.
ബിജെപി ജില്ലാ ഓഫീസില്‍ നിന്ന് ജോലി അവസാനിപ്പിച്ച് ഇറങ്ങിയതിനുശേഷം ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടപ്പോള്‍ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തന്നെ പൊതുമധ്യത്തില്‍ പറയാമെന്ന് താന്‍ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ അത് പറഞ്ഞുകഴിഞ്ഞാല്‍ തനിക്കും ഗുണമുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായും സതീഷ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.
#KodakaraScandal #KeralaPolitics #BJP #Controversy #Hawala