Kodiyeri Balakrishnan | നിറഞ്ഞ ചിരിയാല്‍ ജനഹൃദയം കീഴടക്കിയ കോടിയേരി ബാലകൃഷ്ണന്‍ ഇനി ചെന്താരകം

 


കണ്ണൂര്‍: (www.kvartha.com) കോടിയേരിക്ക് പകരം കോടിയേരി മാത്രമെന്നു തെളിയിച്ചു കൊണ്ടു കണ്ണൂരിന്റെ വിപ്ലവ സൂര്യന്‍ പയ്യാമ്പലത്തെ അസ്തമയ സൂര്യനെ സാക്ഷിയാക്കി ആളിക്കത്തുന്ന തീയില്‍ എരിഞ്ഞടങ്ങി. നിറഞ്ഞ ചിരിയാല്‍ ജനഹൃദയം കീഴടക്കിയ കോടിയേരി ബാലകൃഷ്ണന്‍ ഇനി വിപ്ലവ വഴിയിലെ തിളക്കമാര്‍ന്ന പേരായി മാറി. മണ്ണില്‍ പണിയെടുക്കുന്നവന്റെ നാവും ശബ്ദവുമായിരുന്ന ധീരസഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കേരളമാകെ കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
            
Kodiyeri Balakrishnan | നിറഞ്ഞ ചിരിയാല്‍ ജനഹൃദയം കീഴടക്കിയ കോടിയേരി ബാലകൃഷ്ണന്‍ ഇനി ചെന്താരകം

രാവിലെ പത്തുമണിയോടെ തലശേരി ഈങ്ങയില്‍ പീടികയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ നഗരത്തിലേക്ക് പ്രയാണമാരംഭിച്ച ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കാണാന്‍ നായനാരുടെ അന്ത്യയാത്രയെ അനുസ്മരിക്കുന്ന വിധത്തില്‍ ആയിരങ്ങള്‍ക്ക റോഡരികില്‍ കറുത്ത ബാഡ്ജും പുഷ്പങ്ങളുമായി കാത്തുനിന്നിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന എണ്ണമറ്റയാളുകളാണ് പ്രിയ സഖാവിനെ ഒരു നോക്കുകാണാന്‍ അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ച സിപിഎം ജില്ലാ കമിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലേക്ക് ഒഴുകിയെത്തിയത്.

കേരളാ ഗവര്‍ണര്‍ മുതല്‍ സാധാരണക്കാര്‍ വരെ കോടിയേരിയെ ഒരുനോക്കുകാണാനായി ക്ഷമയോടെ കാത്തുനിന്നു. രാവിലെ പത്തുമണി മുതല്‍ നീണ്ട ക്യൂവാണ് ദൃശ്യമായത്. എല്‍ഐസി ഓഫീസും കടന്നു രണ്ടുവരിയും മൂന്നുവരിയുമായി ക്യൂ മാറി. ജനത്തിരക്ക് ഒഴിവാക്കാന്‍ വിലാപയാത്ര വരുന്ന വഴി വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നുവെങ്കിലും ജനസാഗരം കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തിരക്കൊഴിവാക്കാന്‍ പൊലീസിനും ചുവപ്പുവോളന്റീയര്‍മാര്‍ക്കും ഏറെ പാടുപെടേണ്ടി വന്നു.

കോടിയേരിക്ക് ഏറെ വൈകാരിക ബന്ധമുള്ള അഴീക്കോടന്‍ മന്ദരത്തിന്റെ അങ്കണത്തില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ മണിക്കൂറുകളോളം സാക്ഷികളായി നിശബ്ദമിരുന്നു. സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എംഎ ബേബി, എ വിജയരാഘവന്‍, ജി രാമകൃഷ്ണന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി, ടിപി രാമകൃഷ്ണന്‍,എ.കെ ബാലന്‍, വിജുകൃഷ്ണന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, എംബി രാജേഷ്, എംപിമാരായ എംകെ രാഘവന്‍, ബിനോയ് വിശ്വം, ജോണ്‍ ബ്രിടാസ്, വി ശിവദാസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പി ശ്രീരാമകൃഷ്ണന്‍, എംപിമാരായ എംഎ ആരിഫ്, വി ശിവദാസന്‍, ഇടി മുഹമ്മദ് ബശീര്‍, തോമസ് ചാഴിക്കാടന്‍, കഥാകൃത്ത് ടി പത്മനാഭന്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, ഫുട്ബോള്‍ താരം സികെ വിനീത്, എംഎല്‍എമാരായ കെകെ ശൈലജ, അഡ്വ. സണ്ണി ജോസഫ്, കെ വിസുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍, ടിഐ മധുസൂദനന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും വിലാപയാത്ര തുടങ്ങിയത്. ധീരസഖാവെ കോടിയേരി ഇല്ല നിങ്ങള്‍ മരിക്കുന്നില്ലെന്ന തൊണ്ട പൊട്ടുമാറ് മുദ്രാവാക്യവുമായി നേതാക്കള്‍ക്ക് പിന്നില്‍ ജനസമുദ്രമാണ് അണിനിരന്നത്. കണ്ണൂര്‍ നഗരത്തിന്റെ റോഡരികുകളില്‍ പ്രിയ സഖാവിന്റെ അന്ത്യയാത്ര കാണാന്‍ വന്‍ജനാവലി തന്നെ കാത്തുനിന്നു. കടന്നുപോകുന്ന പാതയില്‍ പുഷ്പവൃഷ്ടി നടത്തിയാണ് വിലാപയാത്ര കടന്നു പോയത്. പൊലീസും റെഡ് വോളന്റീയര്‍മാരും നിരവധി വാഹനങ്ങളും വിലാപയാത്രയില്‍ അണിനിരന്നു. റോഡ് തിങ്ങിനിറഞ്ഞാണ് വിലാപയാത്ര കടന്നു പോയത്.

പയ്യാമ്പലത്ത് വിലാപയാത്ര എത്തുമ്പോള്‍ മണല്‍തരിപോലും താഴെയിട്ടാല്‍ വീഴാത്തത്ര ജനസാഗരമായി കഴിഞ്ഞിരുന്നു. നേരത്തെ സജ്ജമാക്കിയ പന്തലിനകത്തായിരുന്നു ചിതയൊരുക്കിയത്. പയ്യാമ്പലം പാലത്തിന് സമീപം നിര്‍ത്തിയ ആംബുലന്‍സില്‍ നിന്നും കോടിയേരിയുടെ മൃതദേഹം മുഖ്യമന്ത്രി, സീതാറാം യെച്ചൂരി, മന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലെടുത്ത് ചിതയിലെത്തിച്ചത് അണികളില്‍ വൈകാരികമായ കാഴ്ചയായി മാറി. മൃതദേഹം ചിതയിലേക്ക് വെച്ചപ്പോള്‍ മുന്‍ ആഭ്യന്തരമന്ത്രിയായ കോടിയേരിക്ക് ആകാശത്തേക്ക് നിറയൊഴിച്ചും ബ്യൂഗിള്‍ മുഴക്കിയും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഓണര്‍ നല്‍കി.

പ്രിയ സഖാവെ കോടിയേരി ഇല്ല നിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ നിങ്ങളുയര്‍ത്തിയ ചോര ചെങ്കൊടി, ഞങ്ങളീ വാനില്‍ ഉയര്‍ത്തിക്കെട്ടുമെന്നും തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആയിരങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കിടെ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്കു തീകൊളുത്തിയപ്പോള്‍ അഗ്നിജ്വാലയായി കോടിയേരി മാറി. പയ്യാമ്പലത്ത് ചടയനും നായനാര്‍ക്കും മധ്യേയാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Kodiyeri-Balakrishnan, CPM, Politics, Political Party, Ex Minister, Cremation, Leader, Kodiyeri Balakrishnan's cremation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia