നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്; സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു
Jan 8, 2022, 08:50 IST
കോട്ടയം: (www.kvartha.com 08.01.2022) കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് നടപടി.
അതേസമയം, വിഷയത്തില്‍ അന്വേഷണ സമിതികള്‍ ശനിയാഴ്ച റിപോര്‍ട് നല്‍കും. മെഡികല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് റിപോര്‍ട് നല്‍കുക. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപോര്‍ടില്‍ പറയുന്നത്. ആര്‍ എം ഒ, പ്രിന്‍സിപല്‍ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്.
കുഞ്ഞിനെ എറണാകുളം കളമശ്ശേരിയില്‍ താമസക്കാരിയായ നീതു എന്ന യുവതിയായിരുന്നു തട്ടിയെടുത്തത്. ഗൈനകോളജി വാര്‍ഡില്‍ നഴ്സിന്റെ വേഷം ധരിച്ചെത്തിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.
കേസില്‍ പ്രതി നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ശനിയാഴ്ച കോട്ടയം മെഡികല്‍ കോളജ് ആശുപത്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വയ്ക്കല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.
അതിനിടെ തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച ശ്രീജിത്തിന്റെയും അശ്വതിയുടെയും കുഞ്ഞിന് 'അജയ' എന്ന് പേര് നല്‍കി. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ് ഐ എസ് റെനീഷ് നിര്‍ദേശിച്ച പേരാണിത്. കുഞ്ഞിനെയും അമ്മ അശ്വതിയെയും ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.