യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായതായി കപ്പല്‍ അധികൃതര്‍; ദുരൂഹതയുണ്ടെന്ന് കുടുംബം, വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി
Feb 11, 2022, 08:34 IST
കോട്ടയം: (www.kvartha.com 11.02.2022) യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായതായി കപ്പല്‍ അധികൃതര്‍. ആഫ്രികയില്‍നിന്നും അമേരികയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. തിരച്ചില്‍ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പല്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മാതാവ് കുഞ്ഞൂഞ്ഞമ്മ മകന്‍ ജസ്റ്റിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആഫ്രികയില്‍ നിന്നും അമേരികയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളില്‍ ജസ്റ്റിന്‍ പറഞ്ഞുവെന്ന് കുടുംബം അറിയിച്ചു.
തുടര്‍ന്ന് ഞായറാഴ്ച ജസ്റ്റിനെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാത്രയിലായതിനാല്‍ നെറ്റ്വര്‍ക് തകരാറാകുമെന്നാണ് കരുതിയതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കപ്പല്‍ കമ്പനിയുടെ അധികൃതര്‍ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി.
ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി മുരളീധരന്‍ ഉള്‍പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പട്ട് എംഎല്‍എമാരും എംപിമാരും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
ആറ് വര്‍ഷമായി കപ്പലില്‍ ജോലിചെയ്യുന്ന ജസ്റ്റിന്‍ കഴിഞ്ഞ നവംബറില്‍ നാട്ടിലെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരനും കപ്പല്‍ ജീവനക്കാരനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.