Vaisakha Maholsavam | കൊട്ടിയൂരില്‍ തിരുവാതിര ചതുശതം നടന്നു

 


കൊട്ടിയൂര്‍: (www.kvartha.com) കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം തിങ്കളാഴ്ച നടന്നു. ഭഗവാന്റെ ജന്മനാള്‍ കൂടിയാണ് തിരുവാതിര. ഭഗവാന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. കൊട്ടിയൂരിലെ ഊരാളന്മാരായ നായര്‍ തറവാട്ടുകാരില്‍ കരിമ്പനകള്‍ ചാത്തോത്ത് കുടുംബക്കാരാണ് തിരുവാതിര നാളിലെ പായസ നിവേദ്യം കാലാകാലങ്ങളായി വഴിപാടായി സമര്‍പ്പിക്കുന്നത്. 

തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദനം ആരംഭിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശര്‍ക്കരയും തേനും  നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുന്നത്. ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു.  വൈശാഖ മഹോത്സവത്തിലെ തൃക്കൂര്‍ അരിയളവും തിങ്കളാഴ്ച   നടന്നു. ഉച്ചശീവേലക്ക് ശേഷമാണ് കോട്ടയം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിക്ക് ശ്രീകോവിലനുള്ളില്‍ വെച്ച് പന്തീരടി കാമ്പ്രം ഉണ്ണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് സ്വര്‍ണ്ണതളികയില്‍ അരി അളന്നു നല്‍കിയത്. രാത്രി പൂജക്ക് ശേഷം  നാലു തറവാട്ടിലെ സ്ത്രീകള്‍ക്കും മണിത്തറയില്‍ അരിയും ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കി. 

Vaisakha Maholsavam | കൊട്ടിയൂരില്‍ തിരുവാതിര ചതുശതം നടന്നു

 തൃക്കൂര്‍ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ. രണ്ടാമത്തെ ചതുശ്ശതനിവേദ്യമായ പുണര്‍തം ചതുശ്ശതം ഇന്നും ആയില്യം ചതുശ്ശതം 22ന് വ്യാഴാഴ്ചയും നടക്കും. 24 ന്  മകം കലംവരവ് നടക്കും. അന്ന് ഉച്ചവരെമാത്രമാണ് അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാവുക. അന്ന് തന്നെ ആനകളും അക്കരെ ക്ഷേത്രത്തില്‍ നിന്നും പിന്‍വാങ്ങും. നാലാമത്തെ ചതുശ്ശത നിവേദ്യമായി അത്തം ചതുശ്ശതം 27 ന് ചൊവ്വാഴ്ച നടക്കും. അന്നുതന്നെയാണ് വാളാട്ടവും  കലശപൂജയും നടക്കുക. 28 ന് ബുധനാഴ്ച തൃക്കലശാട്ടോടെ 28 നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് സമാപനമാകും. തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരില്‍ ഉണ്ടായത്. ഉച്ചക്ക് ശേഷമാണ് വാഹന ബാഹുല്യം മൂലമുണ്ടായ ഗതാഗത സ്തംഭനമൊഴിവായത്.

Keywords: Kottiyoor, News, Kerala, Religion, Kannur, Kottiyoor Vaisakha Maholsavam Festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia