കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്; ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ശഫാസിനെയും കോടതി വെറുതെ വിട്ടു
Jan 27, 2022, 14:36 IST
കോഴിക്കോട്: (www.kvartha.com 27.01.2022) കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ശഫാസിനെയും ഹൈകോടതി വെറുതെ വിട്ടു. എന്‍ ഐ എയുടെ അപീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും ശഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.
പ്രതികളുടെ അപീല്‍ ഹര്‍ജിയും, എന്‍ ഐ എ ഹര്‍ജിയും വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ശഫാസ് എന്നിവരുടെ ആവശ്യം. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം.
വിധിക്കെതിരെ എന്‍ ഐ എ സുപ്രിം കോടതിയില്‍ അപീല്‍ പോയേക്കും. കേസിലെ വിചാരണ പൂര്‍ത്തിയായ ശേഷം അബ്ദുല്‍ ഹാലിം, അബൂബക്കര്‍ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എന്‍ ഐ എ ഹൈകോടതിയില്‍ സമര്‍പിച്ച അപീല്‍ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിന്റേതാണ് വിധി.
2006 ലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്‍ഡിലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും സ്‌ഫോടനം നടക്കുന്നത്. ആദ്യം ലോകല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ ഐ എ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികള്‍ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.