Found Dead | പാലക്കാട് സ്വദേശിയായ യുവസൈനികന്‍ കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്
Feb 17, 2023, 12:48 IST
കോഴിക്കോട്: (www.kvartha.com) യുവസൈനികനെ കോഴിക്കോട് നഗരത്തിലെ മുതലക്കുളത്തുള്ള ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ മണലുംപുറം കൂളാകുറിശ്ശി വീട്ടില്‍ വാസുവിന്റെ മകന്‍ കെ ബിജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെയാണ് സംഭവം.
കശ്മീരില്‍ ജോലി ചെയ്യുന്ന ബിജിത്ത് രണ്ടരമാസത്തെ (75 ദിവസം) അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു ജോലിസ്ഥലത്തേക്കു മടങ്ങിയതാണ്. കോഴിക്കോട്ടുകാരനായ സഹപ്രവര്‍ത്തകനോടൊപ്പം വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ ഡെല്‍ഹിയിലെത്തിയശേഷം വീട്ടുകാരെ വിളിച്ച ബിജിത്ത് കശ്മീരിലെ കാംപില്‍ റിപോര്‍ട് ചെയ്തില്ല. ഇക്കാര്യം അവിടുത്തെ ഉദ്യോഗസ്ഥര്‍ ബിജിത്തിന്റെ സഹോദരനെ ഫോണില്‍ അറിയിച്ചു. സഹോദരന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകന് സുഖമില്ലെന്നും ഇയാളെ നാട്ടിലെത്തിക്കാനായി തിരിച്ചുവരികയാണെന്നുമാണ് ബിജിത്ത് പറഞ്ഞതെന്നും പിന്നീട് ഫോണ്‍ സ്വിച് ഓഫ് ആയെന്നും ഇതിനുശേഷം ബിജിത്തിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്.
ബുധനാഴ്ച പുലര്‍ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓടോ റിക്ഷയില്‍ എത്തിയാണ് മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. വ്യാഴാഴ്ച മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിജിത്ത് ഡെല്‍ഹിയിലേക്കും മഹാരാഷ്ട്രയിലേക്കും യാത്രചെയ്തതിന്റെ രേഖകള്‍ മുറിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. 12-ാം തീയതി ഡെല്‍ഹിയില്‍ നിന്ന് കശ്മീരിലേക്കുള്ള വിമാനത്തിന്റെ ബോര്‍ഡിംഗ് പാസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബിടെക് ബിരുദധാരിയായ ബിജിത്ത് 2021 ലാണ് സൈന്യത്തില്‍ ചേരുന്നത്. ബെംഗ്‌ളൂറിലെ പരിശീലനത്തിനുശേഷം ഒരുവര്‍ഷം മുമ്പാണ് കശ്മീരിലെ കാംപിലെത്തുന്നത്. ബിന്ദുവാണ് മാതാവ്. ബിപിന്‍ദേവ്. ബിജില എന്നിവര്‍ സഹോദരങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റു പ്രയാസങ്ങളോ ബിജിത്തിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്.
വിഷയത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Keywords: News,Kerala,State,Kozhikode,Youth,died,Found Dead,Family,Case, Police,Investigates, Kozhikode: Young Army man found dead at lodge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.