Loss | പമ്പയില്‍ ബസ് കത്തി നശിച്ച സംഭവം; 14 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി മോട്ടര്‍ വാഹന വകുപ്പ്
● വിദഗ്ധ അന്വേഷണം ആവശ്യമാണെന്ന് എംവിഡി.
● ഷോര്‍ട് സര്‍ക്യൂട്ട് ആയിരിക്കാമെന്ന് സംശയം.
● ആളുകള്‍ ഇല്ലാത്തതിനാലായിരുന്നു അപകടം ഒഴിവായത്.
കൊച്ചി: (KVARTHA) ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍നിന്നും പമ്പ ചെയിന്‍ സര്‍വീസിന് ഉപയോഗിച്ച ബസ് കത്തി നശിച്ചതില്‍ 14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മോട്ടര്‍ വാഹന വകുപ്പ്. ബസ് പൂര്‍ണമായി കത്തി നശിച്ചതിനാല്‍ എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് എംവിഡി (Motor Vehicle Department) ഹൈക്കോടതിയെ അറിയിച്ചു.
വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും എംവിഡി കോടതിയെ അറിയിച്ചു. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിന്റെ അടിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് മനസ്സിലാക്കുന്നുവെന്ന് എംവിഡി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഷോര്‍ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായും വിദഗ്ധ പരിശോധനയിലൂടെ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കുന്ന മാവേലിക്കര റീജിയനല്‍ വര്‍ക്ഷോപ്പിലെ മാനേജറോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ആളുകള്‍ ഇല്ലാത്തതിനാലായിരുന്നു വലിയ അപകടം ഉണ്ടാകാതിരുന്നത്.
ഈ മാസം 17നാണ് നിലയ്ക്കല്‍-പമ്പ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പ്ലാത്തോട് വച്ച് തീ പിടിച്ച് പൂര്‍ണമായും നശിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ. 8 വര്‍ഷം മാത്രം പഴക്കമുള്ള ബസിന് 2025 ഡിസംബര്‍ വരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്നും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സംഭവത്തിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്നും എല്ലാ വാഹനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് പരിശോധിക്കണമെന്നും പമ്പ എസ്എച്ച്ഒ, കെഎസ്ആര്‍ടിസി പമ്പ സ്‌പെഷല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇത് സമ്മതിച്ചതായും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
അതിനിടെ എരുമേലിയില്‍ മിനി ബസ് അപകടം ഉണ്ടായതിനെക്കുറിച്ച് ദേവസ്വം ബെഞ്ചും വിശദീകരണം തേടിയിട്ടുണ്ട്. റോഡിന്റെ അവസ്ഥ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്ക്കരണം നടത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
#KSRTC #busfire #Pamba #Sabarimala #Kerala #accident #investigation