ആനവണ്ടിക്കാര്‍ നന്നാകാന്‍ തീരുമാനിച്ചു! കെഎസ്ആര്‍ടിസിയില്‍ ഇനി അണ്‍ലിമിറ്റഡ് യാത്ര; ടിക്കറ്റിന് പകരം പ്രീപെയ്ഡ് കാര്‍ഡുകള്‍

 


തിരുവനന്തപുരം: (www.kvartha.com 04.12.2016) നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി പ്രീപെയ്ഡ് കാര്‍ഡുകളിറക്കുന്നു. അണ്‍ലിമിറ്റഡ് യാത്രകളാണ് കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി ഓഫര്‍ ചെയ്യുന്നത്. 1,000 മുതല്‍ 5,000 രൂപവരെയുള്ള ബ്രൗണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം തുടങ്ങിയ കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഇറക്കുന്നതിന് മുന്നോടിയായാണ് പ്രീ പെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു.
ആനവണ്ടിക്കാര്‍ നന്നാകാന്‍ തീരുമാനിച്ചു! കെഎസ്ആര്‍ടിസിയില്‍ ഇനി അണ്‍ലിമിറ്റഡ് യാത്ര; ടിക്കറ്റിന് പകരം പ്രീപെയ്ഡ് കാര്‍ഡുകള്‍

വരുമാനവര്‍ദ്ധവിനോടൊപ്പം നിലവിലെ നോട്ടു പ്രതിസന്ധി പരിഹരിക്കല്‍ കൂടിയാണ് പ്രീ പെയ്ഡ് കാര്‍ഡുകള്‍ കൊണ്ട് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. കാര്‍ഡുകള്‍ ഉപയോഗിച്ച് കേരളത്തില്‍ എവിടേക്കും എത്രതവണയും യാത്ര ചെയ്യാം. ഒരു മാസത്തെ കാലാവധിയുള്ള കാര്‍ഡുകളാണിവ.

1,000 രൂപയുടെ ബ്രൗണ്‍സ് കാര്‍ഡാണ് ഏറ്റവും കുറഞ്ഞത്. ഇത് ഉപയോഗിച്ച് ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളില്‍ മാത്രം യാത്ര ചെയ്യാം. 1,500 രൂപയുടെ സില്‍വര്‍ കാര്‍ഡെടുത്താല്‍ ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസുകളില്‍ യാത്ര ചെയ്യാം. ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ളതാണ് 3,000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ്. ഇതുപയോഗിച്ച് സംസ്ഥാനത്ത് മുഴുവന്‍ യാത്ര ചെയ്യാം. പക്ഷെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, നോണ്‍ എസി ബസുകളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ. പ്രീമിയം കാര്‍ഡുകളാണ് 5000 രൂപയുടേത്. ഇതുപയോഗിച്ച് സ്‌കാനിയ, വോള്‍വോ ബസുകള്‍ ഒഴികെയുള്ള സംസ്ഥാനത്ത് ഓടുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും യാത്ര ചെയ്യാം.

ഒരു ദിവസം നിശ്ചിതയാത്രകളേ പാടുള്ളൂവെന്ന നിബന്ധനയില്ല. എന്നാല്‍ ഒരു മാസം മാത്രമാണ് കാര്‍ഡിന്റെ കാലാവധി. ഒരുമാസത്തിന് ശേഷം യാത്രയ്ക്ക് വീണ്ടും കാര്‍ഡ് പുതുക്കണം. കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശക്ക് ഗതാഗത-ധനമന്ത്രിമാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ എല്ലാ ഡിപ്പോകളിലൂടെയും പ്രീപെയ്ഡ് കാഡുകള്‍ വിതരണം തുടങ്ങും. സെക്രട്ടറിയേറ്റിലും ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നതായി എംഡി രാജമാണിക്യം വ്യക്തമാക്കി.

കാര്‍ഡെടുക്കാനായി സമര്‍പ്പിക്കുന്ന തിരിച്ചറില്‍ കാര്‍ഡ് യാത്ര ചെയ്യുമ്പോഴും യാത്രക്കാരന്‍ കണ്ടക്ടറെ കാണിക്കണം. കാര്‍ഡ് എടുക്കുന്നയാളിന്റെ തിരിച്ചയറിയല്‍ കാര്‍ഡ് നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ പതിച്ചിരിക്കും. കാര്‍ഡുകളില്‍ ഹോളോഗ്രാം കൂടി പതിക്കുന്നതോടെ വ്യാജന്റെ കടന്നുകയറ്റവും ഇല്ലാതാകും.


Keywords: Kerala, Thiruvananthapuram, KSRTC, Cash, Minister, KSRTC-go-to-prepaid-card-options, unlimited offer, ticket, smart card, service.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia