എ ഗ്രൂപ്പിലെ പോരും സംഘര്‍ഷവും: ഒളിവില്‍ കഴിയുന്ന കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡണ്ടിനെ നീക്കി

 


ഇടുക്കി: (www.kvartha.com 21.01.2015) കോണ്‍ഗ്രസ് എ വിഭാഗത്തില്‍ മുന്‍ എം.പി പി.ടി തോമസും ഡി.സി.സി പ്രസിഡണ്ട് റോയി കെ പൗലോസും തമ്മിലുളള പോരിന് ആക്കം കൂട്ടി കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നിയാസ് കൂരാപ്പളളിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. ഡി.സി.സി പ്രസിഡണ്ടിന്റെ ശക്തനായ അനുയായിയായ നിയാസ് കൂരാപ്പളളി ഗ്രൂപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് എതിര്‍വിഭാഗക്കാരനായ ഒരാളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും ബൈക്കു കത്തിച്ച കേസിലും ഒളിവില്‍ കഴിയുകയാണ്.

നിയാസ് അടക്കം കേസിലെ പ്രതികളായ ആറു കെഎസ്‌യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി തള്ളുകയും ചെയ്തു.എന്‍.എസ്.യു ദേശീയ സെക്രട്ടറി വര്‍ധന്‍ യാദവാണ് നിയാസിനെ നീക്കിയതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. പി.ടി തോമസ് പക്ഷക്കാരായ വിഷ്ണു.കെ.ശശി, ജിജു.കെ.ജോസ് എന്നിവരെയും സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി. കെ.എസ്.യു ഗ്രൂപ്പു പോര് തെരുവിലെത്തിയതിനെ തുടര്‍ന്ന് എന്‍.എസ്.യു പ്രസിഡന്റ് നിയോഗിച്ച സംസ്ഥാന ഭാരവാഹികളായ ടിജിന്‍ ജോസഫും അഭിലാഷ് ചിതറയും കഴിഞ്ഞ ഏഴിന് തൊടുപുഴയില്‍ തെളിവെടുത്തിരുന്നു. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ മുന്‍ എം.പി പി.ടി തോമസും ഡി.സി.സി പ്രസിഡന്റും തമ്മില്‍ രൂക്ഷമായ ഭിന്നത കെ.എസ്.യുവിലേക്ക് പടരുകയായിരുന്നു. ഡി.സി.സി പ്രസിഡന്റിന്റെ പക്ഷക്കാരനായ ടോണി തോമസിന് കഴിഞ്ഞ മാസം മര്‍ദ്ദനമേറ്റതോടെയാണ് സംഭവങ്ങള്‍ സംഘര്‍ഷത്തിലെത്തിയത്. പി.ടി അനുകൂലിയായ എബിനാണ് ടോണിയെ മര്‍ദ്ദിച്ചതെന്നാരോപിച്ച് ചാഴികാട്ട് ആശുപത്രിയില്‍ വെച്ച് ഇയാളെ നിയാസ് കൂരാപ്പളളിയുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു.

വിവരമറിഞ്ഞ് കൂടുതല്‍ പി.ടി പക്ഷക്കാരെത്തിയതോടെ ആശുപത്രിയില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി. തുടര്‍ന്ന് പി.ടി പക്ഷക്കാരായ അഞ്ചു പേരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റിന്റെ അനുകൂലിയുടെ നട്ടെല്ല് അക്രമത്തില്‍ തകര്‍ന്നു എന്ന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ജാമ്യമില്ലാ കേസ് എടുത്തതെന്ന് ആരോപിച്ച് പുതുവര്‍ഷ തലേന്ന് പാതിരാത്രിയില്‍ പി.ടി തോമസ് കാഞ്ഞാര്‍ സ്‌റ്റേഷനില്‍ എത്തി അറസ്റ്റിലായവരെ മോചിപ്പിച്ചു.

പി.ടി.തോമസ് വിഭാഗത്തിലുള്ള ജിജു കെ.ജോസിന്റെ ബൈക്ക് ആശുപത്രി മുറ്റത്തു നിന്നും കാണാതായിരുന്നു. ബൈക്ക് പിന്നീട് കോലാനി മണക്കാട് ബൈപാസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബൈക്ക് കടത്തിക്കൊണ്ടു പോയത് കണ്ടതായി പറയുന്ന കെ.എസ്.യു പ്രവര്‍ത്തകന്‍ മാത്യുസ് കൊല്ലപ്പളളിയെ തൊട്ടടുത്ത ദിവസം രാവിലെ കാണാതായി.

എ ഗ്രൂപ്പിലെ പോരും സംഘര്‍ഷവും: ഒളിവില്‍ കഴിയുന്ന കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡണ്ടിനെ നീക്കി
നിയാസ് കൂരാപ്പിള്ളി
കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വിളിക്കുന്നു എന്നു പറഞ്ഞ് ഒരാള്‍ മാത്യൂസിനെ കൊണ്ടു പോകുകയായിരുന്നുവെന്ന് അമ്മ ബിന്ദു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മാത്യൂസ് പിറ്റേ ദിവസം പോലീസില്‍ ഹാജരായി. എതിര്‍പക്ഷം തട്ടിക്കൊണ്ടു പോയതായി ഇയാള്‍ മൊഴി നല്‍കിയിരുന്നതായാണ് സൂചന. കെ.എസ് യു പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ച കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും. ഇതിലും നിയാസ് കൂരാപ്പിള്ളി പ്രതിയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, KSU, Clash, President, DCC, Congress, Niyas Kurappilly. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia