Accused | 'തെറ്റ് ചെയ്തിട്ടില്ല, ഒത്തിരി പറയാനുണ്ട്, ഞാന്‍ അല്ല ഇതൊന്നും ചെയ്തിട്ടുള്ളത്, ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിച്ചു, നിരവധി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്'; വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലടക്കം പൊലീസ് അറസ്റ്റുചെയ്ത സന്തോഷ് മാധ്യമങ്ങള്‍ളോട്
Nov 2, 2022, 14:41 IST
തിരുവനന്തപുരം: (www.kvartha.com) തെറ്റ് ചെയ്തിട്ടില്ല, ഒത്തിരി പറയാനുണ്ട്, ഞാന്‍ അല്ല ഇതൊന്നും ചെയ്തിട്ടുള്ളത്, ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിച്ചു, നിരവധി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്' മാധ്യമങ്ങള്‍ക്ക് മുന്നില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലടക്കം പൊലീസ് അറസ്റ്റുചെയ്ത സന്തോഷിന്റെ തുറന്നുപറച്ചില്‍. തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോടുള്ള പ്രതികരണം.
കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറുകയും മ്യൂസിയത്തില്‍ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ ആക്രമിക്കുകയും ചെയ്‌തെന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഈ പ്രതികരണം.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്തോഷുമായി പൊലീസ് സംഘം കുറവന്‍കോണത്ത് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞദിവസമാണ് സന്തോഷിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ്. എന്നാല്‍, ഇയാള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ചെയാണ് മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില്‍ ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്.
കുറവന്‍കോണത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല. മ്യൂസിയത്തിലും കുറവന്‍കോണത്തും അതിക്രമം കാട്ടിയത് ഒരാള്‍ തന്നെയാണെന്ന് തിങ്കളാഴ്ചയാണ് പൊലീസ് സ്ഥിരീകരിച്ചത്.
മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ മതിയായ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിന്നും പൊലീസിനെ ആദ്യം കുഴക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തില്‍ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പല ക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞത്.
ചില ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വ്യക്തതയില്ലാത്തതുമായിരുന്നു. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. എന്നാല്‍, ഇതിനിടെ ടെനിസ് ക്ലബിന് സമീപത്തുനിന്ന് ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യം പൊലീസിന് തുമ്പായി. ടെനിസ് ക്ലബിന് സമീപം കാര്‍ പാര്‍ക് ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോകുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മലയിന്‍കീഴ് സ്വദേശിയായ സന്തോഷ് ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. സര്‍കാര്‍ വാഹനത്തില്‍ കറങ്ങിനടന്നാണ് പ്രതി സ്ത്രീകളോട് അതിക്രമം കാട്ടിയിരുന്നത്. മ്യൂസിയത്തില്‍ ഇയാള്‍ എത്തിയതും സര്‍കാരിന്റെ ബോര്‍ഡ് വെച്ച ഇനോവ കാറിലായിരുന്നു. ഈ വാഹനം റോഡില്‍ പാര്‍ക് ചെയ്തശേഷമാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ കടന്നുപിടിച്ചത്.
മ്യൂസിയത്തില്‍ ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍ ബുധനാഴ്ച രാവിലെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. പിടിയിലായ സന്തോഷ് തന്നെയാണ് ആക്രമിച്ചതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. അതിനിടെ, സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
Keywords: Kuravankonam case accused response on media, Thiruvananthapuram, News, Trending, Media, Police, CCTV, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.