പി.ജെ. കുര്യന്‍-പി.സി. ചാക്കോ പോര്; സോണിയയ്ക്ക് ഇരുവരും പ്രിയ നേതാക്കള്‍

 


തിരുവനന്തപുരം: തന്നെ സൂര്യനെല്ലി കേസില്‍ പ്രതിയാക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കും പങ്കുണ്ടെന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ ആരോപണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പിടിയുള്ള രണ്ടു നേതാക്കളുടെ പോരായി മാറുന്നു. 

കുര്യനും എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ എം.പിയും തമ്മിലാണു പോര്. സംസ്ഥാന കോണ്‍ഗ്രസില്‍ കാര്യമായ വേരുകളില്ലാത്ത രണ്ടുനേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പ്രിയപ്പെട്ടവരാണ്. സംസ്ഥാന കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളിലുംപെട്ട നേതാക്കള്‍ ഈ പോരില്‍ പ്രത്യേകിച്ചു പങ്കൊന്നുമില്ലാത്തവരാണുതാനും.

എങ്കിലും ചാക്കോയോട് താല്പര്യക്കുറവുള്ള നേതാക്കള്‍ കുര്യനെ പിന്തുണണക്കുമ്പോള്‍ കുര്യനോട് താല്പര്യമില്ലാത്ത നേതാക്കള്‍ പരസ്യ പ്രതികരണം നടത്താതെ വിവാദത്തിന്റെ ഗതി വീക്ഷിക്കുകയാണ്. സംസ്ഥാന നേതൃത്വം കാര്യമായ താല്പര്യം കാണിക്കാതിരുന്നിട്ടും ഹൈക്കമാന്‍ഡിന്റെ നോമിനിയായാണ് വീണ്ടും ഇത്തവണ കുര്യന്‍ രാജ്യസഭയിലേക്കു കേരളത്തില്‍ നിന്നു സ്ഥാനാര്‍ത്ഥിയായതും വിജയിച്ചതും.

പി.ജെ. കുര്യന്‍-പി.സി. ചാക്കോ പോര്; സോണിയയ്ക്ക് ഇരുവരും പ്രിയ നേതാക്കള്‍
P.J. Kuryan
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്പര്യം തമ്പാനൂര്‍ രവിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, നിയമസഭാംഗത്വം വേണ്ടെന്നുവച്ച് രാജ്യസഭാംഗമാകാനും അതുവഴി കേന്ദ്ര മന്ത്രിസഭാംഗമാകാനും ആഗ്രഹിച്ചിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയോ ആകാന്‍ കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ നീക്കം. എന്നാല്‍ ഈ രണ്ടു കരുനീക്കങ്ങളും വെട്ടിയാണ് കുര്യന്‍ വീണ്ടും രാജ്യസഭയിലെത്തിയതും രാജ്യസഭാ ഉപാധ്യക്ഷനായതും. ഹൈക്കമാന്‍ഡിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ അതിനു സഹായിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.സി. ചാക്കോ വിജയിക്കുമെന്നു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതിരുന്ന സംസ്ഥാനത്തെ രണ്ടു ഗ്രൂപ്പുകള്‍ക്കും ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണ് ചാക്കോയ്ക്കു വേണ്ടി രംഗത്തിറങ്ങേണ്ടിവന്നത്. അതിനു മുമ്പ് ചാക്കോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചതും ഹൈക്കമാന്‍ഡ് നോമിനിയായാണ്. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യത്തില്‍ എ യ്ക്കും ഐയ്ക്കും ഒപ്പം നില്‍ക്കാത്ത പി.സി. ചാക്കോ, അതുകൊണ്ടുതന്നെയാണ് രണ്ടു പക്ഷത്തിനും അനഭിമതനായത്.

എന്നാല്‍ വിജയിച്ചു ചെന്ന ചാക്കോയെ പാര്‍ലമെന്റിലെ പ്രധാന സമിതികളിലൊന്നിന്റെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍ഡ് ലോക്‌സഭയിലെ ചെയര്‍മാന്മാരുടെ പാനലിലും ഉള്‍പെടുത്തി. സ്പീക്കറുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കുന്നത് ഈ പാനലില്‍ ഉള്ളവരാണ്. കേരളത്തില്‍ നിന്നു മറ്റാരും ഈ പാനലില്‍ ഇല്ല. ഇതിനു പിന്നാലെയാണ് എ.ഐ.സി.സി. വക്താവാക്കി ചാക്കോയ്ക്ക് കൂടുതല്‍ അംഗീകാരം നല്‍കാന്‍ സോണിയാ ഗാന്ധി തയ്യാറായത്. സോണിയയ്ക്ക് പ്രിയപ്പെട്ടവരാണെങ്കിലും തമ്മില്‍ തമ്മില്‍ ഈ നേതാക്കള്‍ രസത്തിലല്ല എന്നത് ഹൈക്കമാന്‍ഡിലും കേരളത്തിലും എല്ലാവര്‍ക്കും അറിയാം. തനിക്കെതിരേ കോണ്‍ഗ്രസില്‍തന്നെയുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ശക്തരാണെന്നും പി.ജെ. കുര്യന്‍ പറയുന്നത് ചാക്കോയെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹം കോണ്‍ഗ്രസില്‍ സജീവമാണ്.

പി.ജെ. കുര്യന്‍-പി.സി. ചാക്കോ പോര്; സോണിയയ്ക്ക് ഇരുവരും പ്രിയ നേതാക്കള്‍
P.C. Chacko

എന്‍.എസ്.എസ്. നേതൃത്വവും കോണ്‍ഗ്രസുമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയിരുന്നുവെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവന തള്ളി പി.സി. ചാക്കോ രംഗത്തുവന്നപ്പോള്‍ കുര്യന്‍ അതു തള്ളിയത് കഴിഞ്ഞ ദിവസമാണ്. എന്‍.എസ്.എസും കോണ്‍ഗ്രസുമായി യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നു എ.ഐ.സി.സി. വക്താവ് എന്ന നിലയില്‍ ചാക്കോ പറഞ്ഞത് ഹൈക്കമാന്‍ഡിന്റെ നിലപാടാണ് എന്ന് അറിയാമായിരുന്നിട്ടും കുര്യന്‍ അത് നിഷേധിച്ചു. ധാരണ ഉണ്ടായിരുന്നെന്നും വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ് കുര്യന്‍ പറഞ്ഞത്. എന്‍.എസ്.എസുമായി കുര്യനുള്ള അടുപ്പം പ്രസിദ്ധമാണ്. എന്നാല്‍ ചാക്കോ പറഞ്ഞതിനു നേരേ എതിര് പറയുക എന്ന ഉദ്ദേശം കൂടിയാണത്രേ കുര്യനുള്ളത്.

ഈ പോരിനു തുടര്‍ച്ചയാണ്, കുര്യന്റെ പേര് സൂര്യനെല്ലി കേസില്‍ വീണ്ടും വന്നപ്പോള്‍, കോണ്‍ഗ്രസിലെ ചിലര്‍ക്കും അതില്‍ പങ്കുണ്ടെന്ന് കുര്യന്‍ ആരോപിക്കുന്നത്. വരുംദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസിലും ദേശീയ നേതൃത്വത്തിലും ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. പീഡനക്കേസില്‍ ആരോപണ വിധേയനായ ആള്‍ രാജ്യസഭാ ഉപാധ്യക്ഷനായി തുടരുന്നതിനെതിരേ ചില നേതാക്കള്‍ രംഗത്തു വന്നേക്കുമത്രേ.
അതോടെ, സോണിയാ ഗാന്ധിക്കും വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടിവരും. കുര്യനു പകരം ആ കസേരയില്‍ വരേണ്ടത് ചാക്കോ അല്ലെങ്കിലും ഹൈക്കമാന്‍ഡില്‍ കുര്യന്റെ നില ദുര്‍ബലമാക്കുകയാണ് ചാക്കോ ഉന്നം വയ്ക്കുന്നതെന്നാണ് വിമര്‍ശനം. തിരിച്ച്, ചാക്കോയുടെ നില ദുര്‍ബലമാക്കാന്‍ കുര്യന്‍ മുമ്പു ശ്രമിച്ചിട്ടുണ്ടെന്നാണ് ചാക്കോയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. 

Keywords: Thiruvananthapuram, Congress, Leaders, Sonia Gandhi, Kerala, MPs, Kerala, P.J. Kuryan, P.C. Chacko, Malayalam News, Kerala Vartha, Group, Suryanelli Case, NSS, AICC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia