മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ്: വി.എസ്

 


കാസര്‍കോട്: (www.kvartha.com 18.09.2015) മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ് കളംവരച്ച് ആടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന സമാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലും മാധ്യമങ്ങള്‍ക്ക് കോര്‍പറേറ്റ് സ്വഭാവത്തിന്റെ രുചിയും ഗന്ധവും പ്രകടമാണ്. മാധ്യമങ്ങളില്‍ ചിലതും മാധ്യമപ്രവര്‍ത്തകരില്‍ ചിലരുമൊക്കെ അന്യായവും അനര്‍ഹവുമായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്ന് വരുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. സര്‍ക്കുലേഷന്‍ വര്‍ധനയ്ക്കും ടിവി ചാനലുകളുടെ റേറ്റിങ് വര്‍ധനയ്ക്കും അസത്യങ്ങളും അര്‍ധസത്യങ്ങളും ഊതിപ്പെരുപ്പിച്ച നുണകളും വാര്‍ത്തകളും കഥകളുമാക്കുകയാണ്. ഇത്തരം അസംബന്ധ വാര്‍ത്തകളും അവകാശവാദങ്ങളും എക്കാലത്തും ജനങ്ങള്‍ നെഞ്ചേറ്റുകയില്ലെന്നതിന്റെ ഉദാഹരണമാണ് ബ്രിട്ടനില്‍ റൂപ്പര്‍ മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദി വേള്‍ഡിനുണ്ടായ ദുര്‍ഗതി. വാര്‍ത്തകളുടെ സാമൂഹ്യ പ്രസക്തിയോ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളൊ  കണക്കിലെടുക്കാതെ എന്തും ബ്രേക്കിങ് ന്യൂസ് എന്നപേരില്‍ അവതരിപ്പിക്കുന്ന പ്രവണത അപകടകരമായ രീതിയില്‍ ശക്തിപ്പെട്ടിരിക്കുകയാണ്.

മാധ്യമ മേഖലയിലും വരേണ്യപക്ഷവും പീഡിതപക്ഷവും ഉണ്ട്. തലപ്പത്തിരിക്കുന്ന എക്‌സിക്യൂട്ടീവുകള്‍  ഭാരിച്ച ശമ്പളം കൈപ്പറ്റുമ്പോള്‍ യഥാര്‍ഥത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. പുതിയ വേജ് ബോര്‍ഡ് റിപോര്‍ട്ട് ശുപാര്‍ശ നടപ്പാക്കാന്‍ എല്ലാ മാധ്യമസ്ഥാപനങ്ങളും തയ്യാറായിട്ടില്ല. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചോദിക്കുകയും ചെയ്യുന്നവരെ സ്ഥലംമാറ്റി പീഡിപ്പിക്കുക മാത്രമല്ല, പണിതന്നെ തെറിപ്പിച്ച് കളയുമെന്നാണ് ചില മാധ്യമ മേധാവികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടും കല്‍പിച്ച് എന്തെങ്കിലും ചെയ്യാമെന്ന് വച്ചാല്‍ ജീവിതംതന്നെ കോഞ്ഞാട്ടയാകുന്ന സ്ഥിതിയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് യൂണിയന്റെ പുതിയ ജനറല്‍ സെക്രട്ടറി. 

സ്വാതന്ത്ര്യവും ജനാധിപത്യവും അതിന്റെ എല്ലാ വിശുദ്ധിയോടെയും സംരക്ഷിക്കാന്‍ കഴിയുന്ന കെട്ടുറപ്പ് സമൂഹത്തിനുണ്ടെങ്കില്‍ ഇത്തരം മാധ്യമ മുതലാളിമാരുടെ ഹുങ്കിന്റെ മുനയൊടിക്കുക അത്ര വലിയ കാര്യമല്ലെന്നു വി.എസ് പറഞ്ഞു.

മലയാള മാധ്യമരംഗത്തും പെയ്ഡ് ന്യൂസ്: വി.എസ്


Keywords:  Kasaragod, Media worker, State-conference, V.S Achuthanandan, Kerala, KUWJ 53rd State Conference. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia