ജനം ടിവി ലോഞ്ച് ചെയ്യാന്‍ മോഡി വരുമെന്നും ഇല്ലെന്നും; ഉറപ്പില്ലാതെ സംഘ്പരിവാര്‍

 


തിരുവനനന്തപുരം: (www.kvartha.com 17/02/2015) ആര്‍.എസ്.എസിന്റെ മലയാളം ടിവി ചാനല്‍ 'ജനം' ടിവി ലോഞ്ച് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമോ എന്നതിനേക്കുറിച്ച് സംഘപരിവാര്‍ വൃത്തങ്ങള്‍ക്ക് ആശങ്ക. ഏപ്രില്‍ 19നു ജനം ടിവി ലോഞ്ച് ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന. മോഡി തന്നെ അതിനു വരണമെന്നും അതുകൊണ്ടുമാത്രം ജനം ടിവിയുടെ വരവ് വന്‍ വാര്‍ത്തയാകുമെന്നുമാണ് ആര്‍.എസ്.എസ്. പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ അക്കാര്യത്തില്‍ അന്തിമ ഉറപ്പ് നല്‍കിയിട്ടില്ല എന്നാണു വിവരം. എങ്കിലും ജനം ടിവി ലോഞ്ച് ചെയ്യാന്‍ പ്രധാനമന്ത്രി എത്തുമെന്ന് കേരളത്തിലെ ആര്‍.എസ്.എസുകാര്‍ പ്രചരിപ്പിച്ചു. ഇതറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷുഭിതരായെന്നും ഉറപ്പു നല്‍കാത്ത പരിപാടി പ്രധാനമന്ത്രിയുടെ പേരില്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തത്രേ. പക്ഷേ, രാഷ്ട്രീയമായും ഭരണപരമായുമുള്ള തിരക്കുകള്‍ മൂലമാണ് പ്രധാനമന്ത്രി തീയതി നല്‍കാന്‍ മടിക്കുന്നതെന്നും നീട്ടിവയ്‌ക്കേണ്ടിവന്നാലും അദ്ദേഹംതന്നെ ജനം ടിവി ലോഞ്ച് ചെയ്യുമെന്നുമാണ് സംഘ്പരിവാര്‍ പറയുന്നത്. സംസ്ഥാന ബി.ജെ.പി. ഘടകമാകട്ടെ ജനം ടിവിയുടെ ലോഞ്ചിനു പ്രധാനമന്ത്രി വരുന്നതിനേക്കുറിച്ചു സംസാരിക്കുന്നേയില്ലതാനും.

മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന കേരളജനതയെ ഹിന്ദുത്വ ആശയങ്ങളിലേക്ക് അടുപ്പിക്കാനും കേരളത്തില്‍ സംഘ്പരിവാറിന് ശക്തമായ മേല്‍ക്കൈ ഉണ്ടാക്കാനും ജനം ടിവിയിലൂടെ സാധിക്കുമെന്നാണ് കേരളത്തിലെ ആര്‍.എസ്.എസ്. ദേശീയ നേതൃത്വത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. 40 കോടി രൂപ പിരിച്ച് ജനം ടിവി തുടങ്ങാന്‍ ദേശീയ നേതൃത്വം സഹകരിക്കുകയും ചെയ്തു. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സി.പി.എം. തുടങ്ങിയ കൈരളി ടിവി ലാഭത്തിലായെങ്കിലും രാഷ്ട്രീയമായി കേരളജനതയെ പാട്ടിലാക്കാനോ പാര്‍ട്ടിക്കെതിരായ മാധ്യമ വേട്ട ചെറുക്കാനോ സാധിക്കുന്നില്ല എന്ന പാഠം സംഘ് പരിവാര്‍ ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്.

ടിവി ചാനലുകള്‍ നിരവധിയുള്ള കേരളത്തില്‍ അക്കൂട്ടത്തില്‍ മറ്റൊരു വെറും ചാനല്‍ മാത്രമായി ജനം ടിവിയും മാറുമോ എന്ന ആശങ്കയാണ് നരേന്ദ്ര മോഡിയുടെ ഉറപ്പ് കിട്ടാന്‍ തടസമാകുന്നതും. അത് മാറ്റി ഏതുവിധവും പ്രധാനമന്ത്രിയെ എത്തിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ആര്‍.എസ്.എസ്. നേൃത്വം.
ജനം ടിവി ലോഞ്ച് ചെയ്യാന്‍ മോഡി വരുമെന്നും ഇല്ലെന്നും; ഉറപ്പില്ലാതെ സംഘ്പരിവാര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   Janam TV,  Narendra Modi, Kerala, Channel, Inauguration,  RSS, Sangh Parivar, TV Channel,  Launch of Janam TV; Yet to be confirmed Modi's date.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia