Complaint | 'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്
● പരാതി നല്‍കിയിരിക്കുന്നത് എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി
● തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നും പരാതി
● ഇക്കഴിഞ്ഞ 10-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്
കല്‍പറ്റ: (KVARTHA) ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് കാട്ടി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ 10-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമായ കോഴിക്കോട് ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍വെച്ച് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് ആരോപണം.
#PriyankaGandhi #Election2024 #WayanadCampaign #LDFComplaint #PoliticalNews #KeralaElection