ബാറുകളുടെ സമയം കുറക്കണം എന്നു മാത്രം ലീഗ്; മദ്യം നിഷിദ്ധമായ സമുദായം പകച്ചുനില്‍ക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 29.04.2014) കേരളത്തിലെ സൗകര്യം കുറഞ്ഞ 418 വിദേശ മദ്യ ബാറുകള്‍ക്ക് അനുമതി പുതുക്കി നല്‍കുന്ന കാര്യത്തില്‍ വിവിധ സംഘടനകള്‍ പലവിധം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ മദ്യം നിഷിദ്ധമാക്കിയ മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന മുസ്്‌ലിം ലീഗിന് വ്യക്തമായ നിലപാടില്ല.

മദ്യത്തില്‍ നിന്നുള്ള വരുമാനം വേണമെങ്കില്‍ വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാണെു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും അതിനെ പിന്തുണയ്ക്കാന്‍ ലീഗ് തയ്യാറായില്ല. പകരം ടു സ്റ്റാര്‍ ബാറുകളുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി മാത്രം ലൈസന്‍സ് നല്‍കണമെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണം എന്നുമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് നേതേൃാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തപ്പോള്‍ നോക്കിനിന്ന കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയും തൊട്ടുപിന്നാലെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ഭാരവാഹിത്വുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മലപ്പുറത്തെ യുഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്ത രീതിയാണ് ഇക്കാര്യത്തിലും ലീഗ് തുടരുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പലിശബാങ്കിലെ സ്ഥാനത്തിനു വേണ്ടി ശക്തമായി വാദിച്ചവര്‍ നിഷിദ്ധമായ മദ്യം വിറ്റ് സര്‍ക്കാര്‍ വരുമാനം ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടാന്‍ കിട്ടിയ ഏറ്റവും മികച്ച അവസരം നഷ്ടപ്പെടുത്തി എന്നാണ് വിമര്‍ശനം.

ബാറുകളുടെ സമയം കുറയ്ക്കണം എന്നല്ല മറിച്ച് ബാറുകള്‍ തന്നെ നിര്‍ത്തണം എന്ന് ലീഗ് ആവശ്യപ്പെടണമായിരുന്നു എന്ന വാദം പരസ്യമായി ഉന്നയിക്കാന്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ മടിക്കുന്നു എന്നാണു വിവരം. എന്നാല്‍ മണ്ഡലം തലം മുതല്‍ ഇക്കാര്യത്തില്‍ മുറുമുറുപ്പുണ്ട്. ഉംറയ്ക്കു പോയിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുമെന്ന് ചില നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ ബാര്‍ സമയം കുറയ്ക്കണം എന്നും ടു സ്റ്റാര്‍ ബാറുകള്‍ക്ക് വേണ്ടത്ര സൗകര്യം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടത് എന്നാണു വിവരം.

ബാറുകളുടെ സമയം കുറക്കണം എന്നു മാത്രം ലീഗ്; മദ്യം നിഷിദ്ധമായ സമുദായം പകച്ചുനില്‍ക്കുന്നുഅതേസമയം, കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍ മദ്യ നിരോധനം ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുകയാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം വേണമെങ്കില്‍ വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, ലീഗ് നേതാക്കള്‍ അടിയന്തരമായി അനൗപചാരിക ആശയ വിനിമയം നടത്തിയിരുന്നു. എന്നാല്‍ അത് മുഖ്യമന്ത്രിയുടെ വെറും വര്‍ത്തമാനം ആണെന്ന മട്ടിലാണ് ഭരണനമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിലെ നേതാക്കള്‍ തമ്മില്‍ പറഞ്ഞതെന്ന് അറിയുന്നു.

മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കണം എന്ന് ആവശ്യപ്പെട്ടാല്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും എന്നായിരുന്നു ലീഗിന്റെ ഭയം. എന്നാല്‍ അതു മാത്രമല്ല കാരണം എന്നും മദ്യ ലോബിയുടെ സ്വാധീനത്തില്‍ മറ്റു രാഷ്ട്രീയ കക്ഷികളെപ്പോലെ ലീഗും പെട്ടുപോയതാണെന്നും പര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ട്. എന്നാല്‍ ഇ അഹമ്മദിന് ഇത്തവണ ലോക്‌സഭാ സീറ്റ് കൊടുക്കരുത് എന്ന് ആവശ്യപ്പെട്ട പ്രാദേശിക സമിതികളെ ഒതുക്കിയതു പോലെ ഇത്തരം എതിര്‍ ശബ്ദങ്ങളെയും തിരക്കിട്ട് ഒതുക്കാനാണ് ലീഗ് ശ്രമം.

എക്‌സൈസ് വകുപ്പ് ഒരിക്കലും ലീഗ് കൈകാര്യം ചെയ്യാറില്ലെങ്കിലും ബാര്‍ ഉടമകള്‍ മറ്റെല്ലാ നേതാക്കളെയും എന്നതുപോലെ ലീഗ് നേതാക്കളെയും കാണാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടാണ് ബാറുകളുടെ സമയം കുറയ്ക്കണം എന്ന പരിഹാസ്യമായ നിലപാടിലേക്ക് ലീഗ്തരംതാഴ്ന്നതെന്ന വിമര്‍ശനം ഭാവിയില്‍ പൊട്ടിത്തെറിയായി മാറിക്കൂടായ്കയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലീഗിന്റെ വിദ്യാര്‍ത്ഥി, യുവജന നേതൃത്വത്തിലേക്കാണ് മറ്റുള്ളവര്‍ ഉറ്റുനോക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
ഇറച്ചിയില്‍ പുഴു: ബദിയടുക്കയില്‍ ആരോഗ്യവകുപ്പ് ഇറച്ചിക്കട പൂട്ടിച്ചു

Keywords:  Muslim-League, Liquor, Kerala, Bar, Muslim League Leaders, Excise Department, League for limited time for bars; not for total liquor ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia