Criticism | മത്സ്യവിതരണ തൊഴിലാളികളെ ആനുകൂല്യങ്ങള്‍ നല്‍കാതെയും, വെട്ടിക്കുറച്ചും ഇടത് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് അബ്ദുല്‍ കരീം ചേലേരി
● തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ആവശ്യം
● കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കണ്ണൂര്‍: (KVARTHA) മത്സ്യവിതരണ തൊഴിലാളികളെ ആനുകൂല്യങ്ങള്‍ നല്‍കാതെയും, വെട്ടിക്കുറച്ചും ഇടത് സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. കേരളത്തിലെ പൊതു മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകളിലും മത്സ്യം വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യവിതരണ അനുബന്ധ തൊഴിലാളികളാണ് വഞ്ചനയ്ക്ക് ഇരയായതെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യ വിതരണ തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വര്‍ഷത്തില്‍ 240 രൂപ അടക്കുന്നത് 600 രൂപയായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, മൊത്ത മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും ചെറുകിട വിതരണക്കാര്‍ വാങ്ങുന്ന മത്സ്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുക, ഈ വിഭാഗം തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായമായ ലംപ് സം ഗ്രാന്റ് അനുവദിക്കുക, തൊഴിലാളികള്‍ക്ക് യു ഡി എഫ് പ്രഖ്യാപിച്ചതും ഇട തടവില്ലാതെ നടപ്പാക്കിയ തണല്‍ പദ്ധതി പൂര്‍ണ തോതില്‍ കുടിശിക അടക്കം വിതരണം ചെയ്യുക, തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാഹിര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ ബക്കളം സ്വാഗതം പറഞ്ഞു. എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് സി ഉമ്മര്‍, എ ശാക്കിര്‍, എവി ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ പി കെ ഖമറുദ്ധീന്‍ നന്ദി പറഞ്ഞു. മാര്‍ച്ചിന് ജില്ലാ ഭാരവാഹികളായ കെവി മുസ്തഫ, പി കെ നിസാര്‍, അബ്ദു ബക്കളം, അസീസ് മുയ്യം, എംഎസ് സലീം, തസ്ലീം തോട്ടട, അമാന്‍, കെകെ അലി എന്നിവര്‍ നേതൃത്വം നല്‍കി.
#KeralaProtest #FishWorkers #WelfareDemand #AbdulKarim #KannurMarch #LeftGovernmetn