ഡ്രൈവറെ കൊന്ന് കാര്‍ തട്ടിയ കേസ്; മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം

 


തൊടുപുഴ: (www.kvartha.com 19.11.2014) ടാക്‌സി ഡ്രൈവറെ വധിച്ച ശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിക്ക് ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും ശിക്ഷ. ചങ്ങനാശേരി ഫാത്തിമപുരം കുന്നക്കാട് മുല്ലശേരില്‍ അഷറഫിനെ (40) വധിച്ച കേസിലെ മൂന്നാം പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സഞ്ജയ് ഏകനാഥ് യാദവിനെയാണ് സെഷന്‍സ് കോടതി ജഡ്ജി കെ അരവിന്ദബാബു ശിക്ഷിച്ചത്. കേസിലെ ഒന്നും നാലും പ്രതികളെ 2005 ഓഗസ്റ്റ് 25ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. രണ്ടാം പ്രതി ഭരത് സോപാന്‍ ഇപ്പോഴും ഒളിവിലാണ്.

ഡ്രൈവറെ കൊന്ന് കാര്‍ തട്ടിയ കേസ്; മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം
അഷ്‌റഫ്‌ 
കേസിനാസ്പദമായ സംഭവം നടന്നത് 2001 ഓഗസ്റ്റ് 23നാണ്. വൈകിട്ട് ആറേമുക്കാലോടെ ചങ്ങനാശേരി മുനിസിപ്പല്‍  ടാക്‌സി സ്റ്റാന്റില്‍നിന്ന് അഷറഫ് ഓടിച്ചിരുന്ന ടാറ്റാ സുമോ നാല് പ്രതികളും ചേര്‍ന്ന് ഓട്ടം വിളിക്കുകയായിരുന്നു. തൊടുപുഴ ഭാഗത്തേക്ക് വരവെ രാത്രി 9.30ഓടെ പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കരിങ്കുന്നം കുഴിമറ്റം ഭാഗത്തെത്തിയപ്പോള്‍ പിന്നില്‍നിന്ന് ചങ്ങല കഴുത്തില്‍ ചുറ്റി പിന്‍സീറ്റിലേക്ക് വലിച്ചിട്ട് കുത്തി കൊലപ്പെടുത്തി. മൃതദേഹം തൊടുപുഴക്കടുത്ത് കോലാനി പാറക്കടവില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നു.

ഇടുക്കി സിബിസിഐഡി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ബേബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മഹാരാഷ്ട്രയിലെത്തി 2002 മെയ് ആറിന് സഞ്ജയ് ഏകനാഥിനെയും ഭരത് സോപാനെയും അറസ്റ്റ് ചെയ്തു. ഇവര്‍ വിറ്റ വാഹനവും കണ്ടെടുത്തു. 2002 ഏപ്രില്‍ 29ന് നാലാം പ്രതി കൃഷ്ണ മധുകറും അറസ്റ്റിലായി. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ഒന്നാം പ്രതി രാമചന്ദ്ര ശങ്കറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഒളിവില്‍ പോയ സഞ്ജയ് ഏകനാഥ് ദല്‍ഹിയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ തിഹാര്‍ ജയിലിലായിരുന്നു. കോടതി വാറണ്ടയച്ചാണ് ഇയാളെ കേരളത്തില്‍ വിചാരണക്കെത്തിച്ചത്. ജയിലില്‍നിന്ന് കൊണ്ടുവരുംവഴി എറണാകുളത്തുവച്ച് പോലീസിനെ വെട്ടിച്ച് കടന്ന ഇയാളെ രണ്ടുദിവസം കഴിഞ്ഞ് പിടികൂടുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നൂര്‍സമീര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Dead, Murder, Case, Accused, Court, Imprisonment, Kerala, Maharashtra, Ashraf. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia