Loka Kerala Sabha | കുവൈറ്റിലെ ദുരന്തം കെട്ടടങ്ങും മുമ്പ് വേണമായിരുന്നോ ലോക കേരളസഭ, ഇതോ പ്രവാസിക്ഷേമം?   

 
Loka Kerala Sabha criticized after Kuwait fire disaster
Loka Kerala Sabha criticized after Kuwait fire disaster


ലോകകേരളസഭയുടെ ആഗോള സാംസ്‌കാരികോത്സവം എന്ന പേരില്‍ മൂന്ന് ദിവസം കലാപരിപാടികള്‍ നടത്തുന്നതിന് ഒരു കോടിയാണ് ഖജനാവില്‍ നിന്ന് ചെലവിടുന്നത്

 ആദിത്യൻ ആറന്മുള

(KVARTHA) ഇതുവരെ നടത്തിയ ലോകകേരള സഭകൊണ്ട് സാധാരണ പ്രവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായതായി അറിവില്ല. വിദേശങ്ങിലെ പണച്ചാക്കുകളായ മലയാളികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരിലേറെയും. അവരൊക്കെ തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെ ശിങ്കിടികളാണ്. അതുകൊണ്ട് തന്നെ പലതരത്തിലുള്ള വിമര്‍ശനങ്ങളും മുമ്പ് ഉയര്‍ന്നിട്ടുണ്ട്. കുവൈറ്റ് തീപിടുത്തത്തില്‍ 24 മലയാളികള്‍ മരിച്ചതോടെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതില്‍ സംശയമില്ല. കേരളം മുഴുവന്‍ ആ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രവാസലോകത്തിനുമൊപ്പം പൂര്‍ണമായും നിന്നുകൊണ്ട് ഇത്തവണത്തെ ലോകകേരള സഭ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. 

അതിന് പകരം ആഘോഷം ഒഴിവാക്കി നടത്തുമെന്നുള്ള പ്രഖ്യാപനം മാത്രമാണ് നടത്തിയത്. അതിന് പിന്നാലെ വ്യവസായികള്‍ക്ക് സല്‍ക്കാരം ഒരുക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളിലടക്കം ജോലി ചെയ്യുന്നവര്‍ അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. അവര്‍ ദുരിതത്തിലകപ്പെട്ട സമയത്ത് ഇത്തരം പരിപാടികള്‍ ഒഴിവാക്കേണ്ട മര്യാദ ഒരു ജനാധിപത്യ സര്‍ക്കാര്‍ കാണിക്കണമായിരുന്നു. പകരം എല്ലാം നേരത്തെ ആസൂത്രണം ചെയ്തതാണെന്ന ന്യായീകരണമാണ് നടത്തിയത്. മന്ത്രിസഭയിലെ ആരുടെങ്കിലും വീട്ടിലുള്ളവരോ പാര്‍ട്ടി നേതാക്കളോ ദുരന്തങ്ങള്‍ക്ക് ഇരയായിരുന്നെങ്കില്‍ നിങ്ങള്‍ ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോ എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. 

ഇപ്പോള്‍ തന്നെ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളുമുണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായത് അതിന്റെ പ്രതിഫലനമാണ്. ഇതൊക്കെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. പൊതുസമ്മേളനവും ദീപാലങ്കാരവും ഒഴിവാക്കി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതുവരെ നടന്ന ലോക കേരള സഭകളില്‍ ഏറ്റവും കൂടുതല്‍ നാലാമത്തെ എഡിഷനാണെന്ന് കണക്കുകള്‍ പറയുന്നു. സമ്മേളനത്തിനായി രണ്ട് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സപ്ലൈകോയില്‍ ഇപ്പോഴും അവശ്യസാധനങ്ങളില്ലെന്നും ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുക്കാനുണ്ടെന്നും ഓര്‍ക്കണം.

ലോകകേരളസഭയുടെ ആഗോള സാംസ്‌കാരികോത്സവം എന്ന പേരില്‍ മൂന്ന് ദിവസം കലാപരിപാടികള്‍ നടത്തുന്നതിന് ഒരു കോടിയാണ് ഖജനാവില്‍ നിന്ന് ചെലവിടുന്നത്. അലങ്കാരവും പൊതുസമ്മേളനവും ഒഴിവാക്കിയെന്ന ന്യായം നിരത്തിയ സര്‍ക്കാര്‍ കലാപരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. വ്യവസായികളെ സുഖിപ്പിക്കാനും പരിപാടിയുടെ മറവില്‍ ലഭിക്കുന്ന കമ്മിഷന്‍ കൈക്കലാക്കാനുമാണ് ഇത് ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. ആദ്യ ലോക കേരളസഭയ്ക്ക് എത്തിയവരുടെ യാത്രാ ചെലവ് അടക്കം 2,03,21,861 കോടി രൂപയായിരുന്നു മൊത്തം ചെലവ്. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ രണ്ടാം സഭയ്ക്കുള്ള യാത്രാ ചെലവ് ഡെലിഗേറ്റ്‌സ് അവരുടെ പോക്കറ്റില്‍ നിന്നിട്ടു. അതുകൊണ്ട് 1,21,58773 കോടിയേ ചെലവായുള്ളൂ. മൂന്നാം സമ്മേളനത്തിന് അതിലും കുറഞ്ഞ് 1,14,49 533 കോടിയായി. ഇത്തവണയും യാത്രാക്കൂലി അവരവരാണ് കൊടുക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ എന്തിനാണ് മൂന്ന് കോടി അനുവദിച്ചതെന്ന് മനസ്സിലാകുന്നില്ല.

അതേസമയം നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കുന്നില്ല. കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാർ മരണപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്നാണ് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും യൂസഫലി പ്രഖ്യാപിച്ച് വേറിട്ട മാതൃകയായിട്ടുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഇപ്പോഴും അത്ര മെച്ചമായിട്ടില്ല. വായ്പയെടുത്ത പണം കൊണ്ടാണ് നിത്യനിദാന ചെലവുകള്‍ പോലും നടത്തുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനും മറ്റും കൊടുത്ത് തീര്‍ക്കാനുണ്ട്. മുണ്ട് മുറുക്കിയുടുക്കണം എന്ന് പ്രസംഗിക്കുന്നതല്ലാതെ, അത് പ്രവര്‍ത്തിയിലാക്കാന്‍ സര്‍ക്കാരിന് ഇതുവരെയായിട്ടില്ല. കോവിഡ് കാലത്ത് നിരവധി പ്രവാസികളാണ് മരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് ആയിരക്കണക്കിന് പേര്‍ നാട്ടിലെത്തി. ഇവരുടെ ക്ഷേമത്തിനും ഭാവിസുരക്ഷയ്ക്കും വേണ്ടി പലപദ്ധതികളും പ്രഖ്യാപിച്ചെങ്കിലും അവയില്‍ ഭൂരിപക്ഷവും കടലാസുകളില്‍ ചുരുണ്ടുകൂടിക്കിടക്കുകയാണ്. കോവിഡ് കെട്ടടങ്ങിയ സമയത്താണ് നോര്‍ക്കയുടെ ആസ്ഥാനമന്ദിരം രണ്ട് കോടി മുടക്കി നവീകരിച്ചത്. ഈ തുക മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീതിച്ച് കൊടുക്കാമായിരുന്നു. അതൊന്നും ചെയ്യാതെ പണമുള്ള പ്രവാസികളെ ലക്ഷ്യമിട്ടൊരു കുറുക്കുവഴി പദ്ധതി നടപ്പാക്കുകയും അത് ആഘോഷമാക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോര്‍ഡ്' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി' വഴി സമാഹരിച്ച തുക 100 കോടി കടന്നിരുന്നു. 

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചു.  മൂന്നു ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. മാസങ്ങളോളമുള്ള ശമ്പള കുടിശിക പോലും കിട്ടാതെ ഇട്ടിരുന്ന ഡ്രസും അത്യാവശ്യസാധനങ്ങളുമായി ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയ ആയിരക്കണക്കിന് മലയാളികളുണ്ട്. അവര്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല. നാട്ടില്‍ വന്ന ശേഷം ഓട്ടോ ഓടിക്കുകയും മറ്റ് കൂലിപ്പമിക്ക് പോവുകയുമായിരുന്നു ഇവര്‍. ഇതിനായി എടുത്ത വായ്പകള്‍ പലതവണ മുടങ്ങിയിരുന്നു. 

മഹാമാരി കഴിഞ്ഞ ശേഷം മടങ്ങാന്‍ പലരും ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. ഇത്തരത്തിലുള്ള അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ ഊന്നേണ്ടതിന് പകരം വ്യവസായികളെയും സമ്പന്നരെയും കൊണ്ട് നടത്തുന്ന ആറാട്ടായി ലോകകേരളസഭ നടത്തുകയല്ല വേണ്ടത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടിക പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിലെ വിവാദ വനിതയും ഇറ്റാലിയന്‍ മലയാളിയുമായ അനിത പുല്ലേലില്‍ കഴിഞ്ഞ സഭയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇവര്‍ക്കൊക്കെ എങ്ങനെ ഇടംകിട്ടുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തി. വിവാദ-കളങ്കിത വ്യക്തിത്വങ്ങള്‍ പട്ടികയിലുള്ളത് കൊണ്ടാണ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്നകന്ന് സര്‍ക്കാരിലെ ഉന്നതരുടെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും വ്യവസായികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഒഴിവാക്കുകയും പാര്‍ലമെന്റില്‍ ഇനിയും കരട് പോലും തയ്യാറാക്കാത്ത കുടിയേറ്റ ബില്‍ തയ്യാറാക്കുന്നതിനും അത് പാസ്സാക്കിയെടുക്കുന്നതിനും നേതൃത്വം നല്‍കണം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia