വയല്‍ നികത്തലിലെ ഒത്തുകളി; വിഎസിനും സിപിഐ മന്ത്രിമാര്‍ക്കുമെതിരെ 2008ല്‍ ലോകായുക്ത ഉറഞ്ഞുതുള്ളി

 


തിരുവനന്തപുരം: (www.kvartha.com 28/07/2015) വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വയല്‍ നികത്തലിനെതിരെ കൊണ്ടുവന്ന നിയമം അവരുടെ കാലത്തുതന്നെ കാറ്റില്‍ പറത്തി. മാത്രമല്ല, അതിനേക്കുറിച്ച് ലോകായുക്ത അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ലോകായുക്തയുടെ പരാമര്‍ശങ്ങള്‍ നീക്കാന്‍ പേരിനു ഹൈക്കോടതിയില്‍ പോയതല്ലാതെ ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2008 നു മുമ്പു നികത്തിയ വയലുകള്‍ പുരയിടമായി അംഗീകരിക്കാനുള്ള വിവാദ ഭേദഗതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കിയ പശ്ചാത്തലത്തിലാണ് ഇതേ വിഷയത്തിലെ മുന്‍ വിവാദങ്ങളും അഴിമതിയും പുറത്തുവരുന്നത്.

2008ലായിരുന്നു മുന്‍ വിവാദം. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍, റവന്യൂമന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍, കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ എന്നിവരെയാണ് ലോകായുക്ത ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും പുരപ്പുറത്തുനിന്നു വിളിച്ചുകൂവുന്ന കാര്യങ്ങളോട് ആത്മാര്‍ത്ഥത ഇല്ലാത്തവരാണ് എന്നായിരുന്നു കടുത്ത പരാമര്‍ശങ്ങളിലെ പ്രധാന ഭാഗം.

കൊല്ലം ജില്ലയിലെ തഴുത്തല വില്ലേജില്‍ വയല്‍ നികത്തി സ്വാശ്രയ മെഡിക്കല്‍ കോളജ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ലോകായുക്തയ്ക്കു ഹര്‍ജി നല്‍കിയതാണു തുടക്കം. അഞ്ചു സെന്റ് നികത്താനുള്ള അനുമതി വാങ്ങിയ ശേഷം നൂറ് ഏക്കറോളം നികത്തിയെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരുടെ വിശദീകരണം പലവട്ടം ലോകായുക്ത രേഖാമൂലം തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒന്നിലധികം തവണ നോട്ടീസയച്ചു.

അതിനു മറുപടി ലഭിക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് കൊടുത്തയച്ചു. അതിനോടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു. ഇതിനിടെ, പരാതിക്കാരന്‍ പിന്മാറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ രൂക്ഷമായി പ്രതികരിച്ചത്. ജനാധിപത്യത്തോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ടെന്നു പറയുന്ന ഈ നേതാക്കള്‍ അതില്ലെന്നു സ്വയം തെളിയിച്ചിരിക്കുന്നു എന്നുവരെ ലോകായുക്ത പറഞ്ഞു.

വിചിത്രമായ കാര്യം ഇത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന
യുഡിഎഫ് തയ്യാറായില്ല എന്നതാണ്. അതിനു പ്രത്യുപകാരമെന്നോണം കഴിഞ്ഞ ദിവസം നിയമസഭയില്‍ വയല്‍ നികത്തല്‍ നിയമത്തിലെ വിവാദ ഭേദഗതി വന്നപ്പോള്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തിയ ഭേദഗതി പാസാക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia