കെ.കെ. രമ യു.ഡി.എഫിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറാകുമോ? ശ്രമം സജീവം

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ പ്രചാരണത്തിന് ഇറക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കി. അവരുടെ പാര്‍ട്ടിയായ ആര്‍.എം.പിയുമായി യു.ഡി.എഫ്. തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കും.

ലോക്‌സഭയിലേക്ക് ആര്‍.എം.പിയുടെ പൂര്‍ണ പിന്തുണ യു.ഡി.എഫിന് ഉറപ്പാക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ഉറപ്പുള്ള രണ്ടു സീറ്റുകള്‍ ആര്‍.എം.പിക്ക് നല്‍കാനുമാണാണ് ധാരണയുടെ കരട് രൂപമെന്ന് അറിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ധാരണയെന്നാല്‍ കോഴിക്കോട് ജില്ലയില്‍ ആര്‍.എം.പിക്കുള്ള മികച്ച ജനപിന്തുണ യു.ഡി.എഫിന് അനുകൂലമാക്കുകയും സംസ്ഥാന തലത്തില്‍ യു.ഡി.എഫ്. വേദികളില്‍ രമയുടെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

അതേസമയം, ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെ 20 പ്രതികള്‍ കുറ്റവിമുക്തരാകാന്‍ ഇടയാക്കിയത് യു.ഡി.എഫും സി.പി.എമ്മുമായുള്ള ഒത്തുകളിയാണെന്ന സംശയം രമയുള്‍പ്പെടെ ആര്‍.എം.പി. നേതൃത്വത്തിനുണ്ട്. അത് തിരുത്തി എങ്ങനെ അവരെ യു.ഡി.എഫുമായി അടുപ്പിച്ചു നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. എന്നാല്‍, എ ഗ്രൂപ്പും സി.പി.എമ്മും പോലീസിനെ ഉപയോഗിച്ച് ഒത്തുകളിച്ചെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രമയെയും ആര്‍.എം.പിയെയും അനുനയിപ്പിക്കാനും  കൂടെ നിര്‍ത്താനും കെ.പി.സി.സി. തലത്തില്‍ ഇടപെടേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കേണ്ടത് കോണ്‍ഗ്രസിന് അത്യന്താപേക്ഷിതമായതിനാല്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടായാല്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ രംഗത്തിറങ്ങേണ്ടി വരുമെന്ന തിരിച്ചറിവും ഐ ഗ്രൂപ്പിനുണ്ട്.

കെ.കെ. രമയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു രംഗത്തിറക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

കെ.കെ. രമ യു.ഡി.എഫിന്റെ സ്റ്റാര്‍ ക്യാംപെയ്‌നറാകുമോ? ശ്രമം സജീവംസി.പി.എം. നേതൃത്വത്തിന് സംഭവത്തില്‍ മനസറിവുണ്ടെന്ന രമയുടെയും ആര്‍.എം.പിയുടെയും സംശയം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും അവരുടെ പിന്തുണ യുഡി.എഫിനുതന്നെ ആയിരിക്കുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട്, അവരെ കൂടെ നിര്‍ത്താന്‍ വല്ലാതെ ശ്രമിക്കേണ്ട എന്ന് അഭിപ്രായമുള്ള നേതാക്കളും കോണ്‍ഗ്രസിലും ഘടക കക്ഷികളിലുമുണ്ട്.

പക്ഷേ, നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സാധ്യത തടയാനും ഇടതു, മതേതര ശക്തികളുടെ പിന്തുണയോടെ മാത്രം കോണ്‍ഗ്രസനു കേന്ദ്രം ഭരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകണം എന്നും ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളുടെ പൊതുധാരണ ഉണ്ടായാല്‍ ആര്‍.എം.പിക്ക് അത് അംഗീകരിക്കേണ്ടി വരുമോ എന്ന മറുവാദമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സി.പി.എമ്മിനെ പിന്തുണയ്ക്കാനും അവരുമായി ഒത്തു കളിച്ചെന്നു സംശയമുള്ള കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങാനും കഴിയാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആര്‍.എം.പി. തീരുമാനിച്ചേക്കും എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ആര്‍.എം.പിയുടെ മുഖ്യ തട്ടകമായ ഒഞ്ചിയം ഉള്‍പ്പെടുന്ന വടകര ലോക്്‌സഭാ മണ്ഡലത്തിലെ എം.പി. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയസാധ്യതയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം സി.പി.എമ്മുമായി ചേര്‍ന്ന് ആര്‍.എം.പിയെ പ്രകോപിപ്പിക്കുകയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസിലെ ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവല്ലാത്ത മുല്ലപ്പള്ളി ഹൈക്കമാന്‍ഡ് നോമിനിയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായത്. മറ്റ് എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയും മുല്ലപ്പളിക്ക് സീറ്റ് കൊടുക്കാതിരിക്കുകയുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. ജനതാദളുമായി സഖ്യമുണ്ടാക്കി അവര്‍ നിര്‍ദേശിക്കുന്നയാളെ മല്‍സരിപ്പിക്കാന്‍ ഒഴിച്ചിട്ട വടകരയില്‍ അപ്രതീക്ഷിതമായി മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. എന്നാല്‍, അവിടെ ഇത്തവണ സുരക്ഷിതമല്ലാതാക്കാനാണ് കോണ്‍ഗ്രസിലെ മുല്ലപ്പള്ളി വിരുദ്ധരുടെ നീക്കം.

Also read:
ട്രെയിനില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി ബന്ധുക്കളായ 3 പേരും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
Keywords:  UDF, T.P Chandrasekhar Murder Case, Congress, Election, Kerala, BJP, K.K. Rama, Loksabha election campaign: K.K. Rema and will be star campaigner of UDF?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia