ഉള്‍പ്പാര്‍ട്ടി വിലയിരുത്തലുകള്‍ മാറിമറിഞ്ഞു; നേതാക്കള്‍ പറഞ്ഞത് ഉള്ളിലിരിപ്പല്ല

 


തിരുവനന്തപുരം: (www.kvartha.com 10.04.2014) ലോക്‌സഭാ തെരഞ്ഞടുപ്പിലെ വിജയത്തെക്കുറിച്ച് രണ്ടു മുന്നണികള്‍ക്കും ഉണ്ടായിരുന്ന അവകാശവാദങ്ങളില്‍ അവസാനവട്ട മാറ്റം മറിച്ചിലുകള്‍.  ഉറപ്പെന്നു വിശ്വസിച്ചിരുന്ന ചില മണ്ഡലങ്ങളില്‍ മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്നും കാര്യമായി പ്രതീക്ഷയില്ലാതിരുന്ന ചില മണ്ഡലങ്ങളില്‍ പ്രതീക്ഷയ്ക്ക് കനം വയ്ക്കുന്നുവെന്നുമാണ് യുഡിഎഫ്, എല്‍ഡിഎഫ് വിലയിരുത്തല്‍. അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങി മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ പ്രധാന നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പു വിശകലനത്തിന്റെ യഥാര്‍ത്ഥി ചിത്രം നല്‍കുന്നതല്ലെന്നുമുണ്ട് സൂചന.

സിപിഎം ഉറപ്പായും വിജയം പ്രതീക്ഷിച്ചിരുന്ന സിറ്റിംഗ് സീറ്റുകളായ ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍, കാസര്‍കോട് മല്‍സരം പ്രതീക്ഷിച്ചതിലും കനത്തുവെന്നാണ് കണക്കുകൂട്ടല്‍, എന്നാല്‍ അവര്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളെ രംഗത്തിറക്കിയെങ്കിലും അത് അബദ്ധമായി എന്ന് ഇടയ്ക്കു തോന്നിപ്പിച്ച പൊന്നാനി, പത്തനംതിട്ട സീറ്റുകളില്‍ ശക്തമായ പ്രതീക്ഷയാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്.

പൊന്നാനിയിലെ അബ്ദുർ റഹ്മാനും പത്തനംതിട്ടയിലെ ഫിലിപ്പോസ് തോമസും വിജയിച്ചാല്‍ അത്ഭുതമില്ല എന്ന സ്ഥിതി. 2009ല്‍ കോണ്‍ഗ്രസ് നേടിയ കൊല്ലം സീറ്റ് ഇത്തവണ ഇടതുമുന്നണി വിട്ട ആര്‍എസ്പിക്ക് നല്‍കി പ്രേമചന്ദ്രനെ മല്‍സരിപ്പിച്ചെങ്കിലും സിപിഎം പിബി അംഗം എം എ ബേബിയുടെ വിജയ സാധ്യതയെ ചെറുതാക്കി കാണാതിരുന്ന യുഡിഎഫ് ഇപ്പോള്‍ മറിച്ചാണു ചിന്തിക്കുന്നത്. പ്രേമചന്ദ്രന്റെ ജയസാധ്യത കാര്യമായി വര്‍ധിച്ചിരിക്കുന്നുവത്രേ.

അതേസമയം തുടക്കം മുതല്‍ അവര്‍ പ്രതീക്ഷവച്ചിരുന്ന സീറ്റായ വയനാട്ടില്‍ സിറ്റിംഗ് എം പി എംഐ ഷാനവാസിനെതിരേ സിപിഐയുടെ സത്യന്‍ മൊകേരി ശക്തമായ മല്‍സരം നടത്തി യുഡിഎഫിനെ അമ്പരപ്പിച്ചു. ഇഞ്ചോടിഞ്ച് മല്‍സരങ്ങളുടെ പട്ടികയിലേക്ക് വയനാടും ഉള്‍പ്പെടുകയും ചെയ്തു. അതിനിടെ, രണ്ടുമുന്നണികള്‍ക്കും ഇത്തവണയും കേരളത്തില്‍ നിന്ന് വനിതാ എംപി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന തരത്തിലാണ് അവരുടെ ഉള്‍പ്പാര്‍ട്ടി വിലയിരുത്തല്‍.

കണ്ണൂരില്‍ മല്‍സരിക്കുന്ന പി കെ ശ്രീമതിയും മലപ്പുറത്ത് മല്‍സരിക്കുന്ന പി കെ സൈനബയും ഉജ്ജ്വലമായി പൊരുതി. കണ്ണൂരില്‍ കെ സുധാകരനുമായുള്ള ശ്രീമതിയുടെ മല്‍സരം വിജയപ്രതീതിയുണ്ടാക്കിയിട്ടുമുണ്ട്. പക്ഷേ, ചെറിയ ഭൂരിപക്ഷമേയുള്ളുവെങ്കിലും സുധാകരനാകും വിജയിക്കുക എന്ന തരത്തിലാണ് സിപിഎം വിലയിരുത്തല്‍ എന്ന് അറിയുന്നു. മലപ്പുറത്ത് ലീഗിന്റെ ഇ അഹമ്മദിനെ മണ്ഡലത്തില്‍ തന്നെ കെട്ടിയിട്ട മല്‍സരത്തിനാണ് സൈനബ സാഹചര്യമുണ്ടാക്കിയത്. എങ്കിലും വിജയപ്രതീക്ഷയില്ല.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ വിലയിരുത്തലും പ്രവചനവും പിന്നീട് അതേപടി യാഥാര്‍ത്ഥ്യമായിരുന്നു. യുഡിഎഫിന് ഒരു സീറ്റോ മറ്റോ ലഭിച്ചാലായി എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ലീഗിന് പൊന്നാനി സീറ്റു മാത്രം ലഭിക്കുകയും കോണ്‍ഗ്രസിനു കേരള കോണ്‍ഗ്രസിനും സീറ്റുകളൊന്നും ലഭിക്കാതിരിക്കുകയുമാണ് അന്നുണ്ടായത്. ഇത്തവണ ഇതുവരെ അത്തരം കണക്കുകളൊന്നും പറയാതിരുന്ന പിണറായി വോട്ടു ചെയ്ത ശഷം പറഞ്ഞത്, കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ല എന്നാണ്.

ഉള്‍പ്പാര്‍ട്ടി വിലയിരുത്തലുകള്‍ മാറിമറിഞ്ഞു; നേതാക്കള്‍ പറഞ്ഞത് ഉള്ളിലിരിപ്പല്ല
2004ലെപ്പോലെ കൃത്യമായ വിലയിരുത്തലിനു ശേഷമുള്ള പ്രതികരണമല്ല അതെന്നും മറിച്ച്, രാഷ്ട്രീയമായ വെറുമൊരു ഏറ് മാത്രമാണെന്നുമാണു സൂചന. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് എ കെ ആന്റണി പറഞ്ഞതും ഇതുപോലുള്ള ആവേശം അണികളില്‍ ഉണര്‍ത്താനും കഴിയുമെങ്കില്‍ പോളിംഗിനെ സ്വാധീനിക്കാനും ഉദ്ദേശിച്ചുള്ള വാക്കുകളാണ്. ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ച നാലിലും കുറവ് സീറ്റുകളേ ലഭിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ സീറ്റുകളുടെ എണ്ണം പറയാതെ ശ്രദ്ധിച്ചാണു പ്രതികരിച്ചത്.

ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thiruvananthapuram, Kerala, Election-2014, Voters, CPM, Congress, Kannur, Parliament, Loksabha election: Kerala leaders and parties are in dilemma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia